
നയപ്രഖ്യാപന പ്രസംഗത്തിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ എഴുതികൊടുത്തതല്ല ഗവര്‍ണര്‍ വായിച്ചതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞതോടെയാണ് ഇറങ്ങിപ്പോക്ക്. മതേതരത്വത്തെ പരാമര്‍ശിക്കുന്ന ഭാഗങ്ങളും പെരിയാര്‍, ബി ആര്‍ അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളേയും പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ ആര്‍. എന്‍ രവി ഈ ഭാഗങ്ങളെല്ലാം ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വെട്ടിയതും ഭരണപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് എം. കെ സ്റ്റാലിന്‍ പറഞ്ഞു.
സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗം വായിക്കണമെന്ന് എം. കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടതോടെയാണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയത്. തമിഴ്‌നാടിനേക്കാള്‍ നല്ലത് തമിഴകമാണെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ സഭ ചേര്‍ന്നത് മുതല്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ആര്‍.എസ്എസ്, ബി.ജെ.പി പ്രത്യേയശാസ്ത്രം അടിച്ചേല്‍പ്പിക്കരുതെന്ന മുദ്രാവാക്യം വിളികളോട് കൂടിയായിരുന്നു പ്രതിഷേധം.

സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ ഗവര്‍ണറുടെ യഥാര്‍ഥ പ്രസംഗം മാത്രം രേഖപ്പെടുത്തണമെന്ന പ്രമേയം നിയമസഭ അംഗീകരിച്ചു. ഡി.എം.കെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈഗല്‍ കച്ചി (വി.സി.കെ)യും സി.പി.ഐയും സി.പി.ഐ.എമ്മും ഗവര്‍ണറുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
