
മധുര പാനീയങ്ങള്‍ കുടിക്കാൻ ഇഷ്ടമുള്ളവര്‍ ഏറെയാണ്. ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
യു.എസ് ശാസ്ത്രജ്ഞരുടെ പുതിയൊരു പഠന റിപ്പോര്‍ട്ടില്‍ ദിവസേനയുള്ള പഞ്ചസാര പാനീയങ്ങളുടെ ഉപയോഗം സ്ത്രീകളുടെ കരള്‍ അര്‍ബുദത്തിനും വിട്ടുമാറാത്ത കരള്‍ രോഗ മരണത്തിനും കാരണമാകുമെന്നാണ് തെളിയിച്ചിരിക്കുന്നത്. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
യു.എസിലെ ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. നിരീക്ഷണ പഠനത്തില്‍ 98,786 സ്ത്രീകളെ പ്രോസ്പെക്റ്റീവ് വിമൻസ് ഹെല്‍ത്ത് ഇനിഷ്യേറ്റീവ് പഠനത്തില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്.

പഠനത്തില്‍ നിന്നും ദിവസവും ഒന്നോ അതില്‍ കൂടുതലോ മധുരമുള്ള പഞ്ചസാര പാനീയങ്ങള്‍ കഴിക്കുന്ന 6.8 ശതമാനം സ്ത്രീകളില്‍ കരള്‍ അര്‍ബുദത്തിനുള്ള സാധ്യത ഏറെയാണെന്ന് കണ്ടെത്തി. കൂടാതെ കരള്‍ രോഗങ്ങളിലൂടെയുള്ള മരണ സാധ്യത 68 ശതമാനം കൂടുതലാണ്.
20 വര്‍ഷത്തെ നിരീക്ഷണ പഠനത്തിലൂടെയുള്ള പഠനമാണിത്. സ്ത്രീകള്‍ അവര്‍ 20 വര്‍ഷം കഴിച്ച ശീതള പാനീയങ്ങളും ഫ്രൂട്ട് ഡ്രിങ്കുകളും അതിന് ശേഷം ഉപയോഗിച്ച കൃത്രിമ മധുരമുള്ള പാനീയങ്ങളുടെ ഉപയോഗവും റിപ്പോര്‍ട്ട് ചെയ്‌തു. ഭൂരിഭാഗം സ്ത്രീകള്‍ക്കും കരളിനെ ബാധിച്ചത് ഫൈബ്രോസിസ്, സിറോസിസ്, അല്ലെങ്കില്‍ ക്രോണിക് ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വിട്ടുമാറാത്ത കരള്‍ രോഗങ്ങളുമാണ്. ഇത് മൂലം മരിച്ചവരുടെ റിപ്പോര്‍ട്ടും പരിശോധിച്ചു. ഇവ രണ്ടും താരതമ്യം ചെയ്‌തുള്ള പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തല്‍.
മധുര പാനീയങ്ങള്‍ അമിതമായി കുടിച്ചാല്‍ എല്ലാ പ്രായക്കാര്‍ക്കും സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്‌ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്ന് മുമ്പ് ചില പഠനങ്ങളില്‍ തെളിയിച്ചിരുന്നു. സ്ഥിരമായി മധുര പാനീയങ്ങള്‍ ഉപയോഗിക്കുന്നവരില്‍ അവരുടെ തലച്ചോറിൻ്റെ പ്രവര്‍ത്തനം മറ്റുള്ളവരെ അപേക്ഷിച്ച് മന്ദഗതിയിൽ ആയിരിക്കുമെന്നും പഠനങ്ങളുണ്ട്.
