സസ്പെൻഷൻ പൊതുജനത്തിന് ശല്യമായ ആളെ കസ്റ്റഡിയിലെടുത്തതിന്; ആത്മവീര്യം ചോർത്തുന്നുവെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing സസ്പെൻഷൻ പൊതുജനത്തിന് ശല്യമായ ആളെ കസ്റ്റഡിയിലെടുത്തതിന്; ആത്മവീര്യം ചോർത്തുന്നുവെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

കൊല്ലം: അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെണ്ട് ചെയ്ത നടപടിക്കെതിരെ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. മദ്യപിച്ച് അക്രമാസക്തനായി പെരുമാറിയ അഭിഭാഷകനെയാണ് പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

മദ്യാസക്തിയിൽ പൊതുജനങ്ങൾക്ക് ശല്യമായി മാറിയ ഒരാളെ കസ്റ്റഡിയിലെടുത്ത് നിയമാനുസരണമായ നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥരെ സസ്പെണ്ട് ചെയ്തത് അന്യായമായിട്ടാണ്. ഇത് ഒരു തരത്തിലും നീതീകരിക്കാനാകില്ല. സംസ്ഥാന പോലീസ് സേനയുടെ ആത്മവീര്യം ചോർത്തുന്ന നടപടിയാണിതെന്നും പൊലീസ് അസോസിയേഷൻ വ്യക്തമാക്കി. സസ്പെൻഷൻ്റെ സാഹചര്യത്തിൽ വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതിയുടെ അടിയന്തിര യോഗം എറണാകുളത്ത് ചേരാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

കൊല്ലത്തെ പൊലീസ്- അഭിഭാഷക തർക്കത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പൊലീസുകാരെയാണ് സസ്പെണ്ട് ചെയ്ത് ഉത്തരവിട്ടത്. പൊലീസുകാർ കുറ്റക്കാരല്ലെന്ന ഡി.ഐ.ജിയുടെ റിപ്പോർട്ട് തള്ളിയാണ് എ.ഡി.ജി.പി വിജയ് സാഖറെ പൊലീസുകാർക്ക് എതിരെ നടപടി എടുത്തത്. ഇതിനെതിരെ ഐ.പി.എസ് അസോസിയേഷനും പരസ്യമായി രംഗത്തെത്തിയിരുന്നു. സസ്പെൻഷൻ നീതികരിക്കാൻ ആവാത്തതാണെന്നും വിമർശിച്ചു.

മദ്യപിച്ച് വാഹനം ഓടിച്ച് പ്രശ്നമുണ്ടാക്കിയെന്ന കുറ്റത്തിലാണ് കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ ഈ മാസം 5ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ ബഹളം വച്ചതോടെ മറ്റ് കുറ്റങ്ങളും ചുമത്തി. എന്നാൽ ജയകുമാറിനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും രംഗത്തെത്തി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങി.

ഇങ്ങിനെ അഭിഭാഷകരും പൊലീസും രണ്ട് ചേരിയായി ഏറ്റുമുട്ടുന്നതിനിടെയാണ് പൊലീസുകാർക്ക് എതിരായ നടപടി. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി.ഗോപകുമാർ, എസ്.ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സി.പി.ഒ അനൂപ് എന്നിവരെയാണ് സസ്പെണ്ട് ചെയ്തത്. അഭിഭാഷകരുടെ പരാതിയിൽ നിഷ്പക്ഷമായ അന്വേഷണം നടക്കാനാണ് നടപടിയെന്നും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി തുടർ അന്വേഷണം നടത്തുമെന്നും ഉത്തരവിൽ പറയുന്നു.

എന്നാൽ അഭിഭാഷകർ ആരോപിക്കും പോലെ മർദനം ഉണ്ടായിട്ടില്ലെന്നായിരുന്നു ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്. ആരോപണ വിധേയനായ സി.ഐ ഗോപകുമാർ ആ സമയം സ്ഥലത്തില്ലായിരുന്നെന്നും കണ്ടെത്തിയിരുന്നു. അതിനാൽ പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പിയും നിർദേശിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് വിജയ് സാഖറയുടെ നടപടി. അഭിഭാഷകരുടെ സമ്മർദത്തിന് മുന്നിൽ നിരപരാധികളായ പൊലീസുകാരെ എ.ഡി.ജി.പി ബലിയാടാക്കിയെന്നാണ് വ്യാപക വിമർശനം.

0Shares