
ഗുരുവായൂരിൽ ലീഗ് സ്‌ഥാനാർഥി കെ.എൻ.എ ഖാദർ വിജയിക്കണമെന്നും തലശ്ശേരിയിൽ എൽ.ഡി.എഫ് സ്‌ഥാനാർത്ഥി എ .എൻ ഷംസീർ തോൽക്കണമെന്നും ബി.ജെ.പി സ്‌ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി ഇന്നലെ പറഞ്ഞത് വെറുമൊരു നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയും കോൺഗ്രസും ലീഗും യു.ഡി.എഫും തമ്മിലുള്ള ഡീലിന്‍റെ വെളിപ്പെടുത്തലാണെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ മുസ്‌ലീം ലീഗ് സ്‌ഥാനാർത്ഥിയായ കെ.എൻ.എ ഖാദർ ജയിച്ചുവരണമെന്ന് ബി.ജെ.പി പരസ്യമായി പറയുന്നത് ലീഗിന്‍റെയോ കോൺഗ്രസിന്‍റെയോ യു.ഡി.എഫിന്‍റെയോ ഗുണത്തിനാണെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങിനെ:
ഇരുത്തം വന്ന രാഷ്‌ട്രീയക്കാരനല്ല സുരേഷ്‌ഗോപി . എന്നാൽ ബി.ജെ.പിയുടെ പ്രധാനിയാണ്. പരസ്യമായി ഇത്തരം രഹസ്യങ്ങൾ വിളിച്ചു പറയാൻ മറ്റ് ബി.ജെ.പി നേതാക്കൾ തയ്യാറാകുന്നുണ്ടാവില്ല. അത്രത്തോളം ജാഗ്രത പാലിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വീകരിക്കുന്ന നില അങ്ങോട്ട് തുറന്നുപറഞ്ഞു. നേരത്തെ ഒ. രാജഗോപാൽ പറഞ്ഞത് പ്രാദേശികമായി ഇത്തരം നീക്കുപോക്കുകൾ ഉണ്ടെന്നും അതിന്റെ ഗുണം ബി.ജെ.പിക്കാണ് എന്നുമാണ്. ഒരു ഡീൽ ഉറപ്പിക്കുമ്പോൾ ബി.ജെ.പി അവരുടെ ഗുണം ഉറപ്പാക്കുന്നുണ്ട് . നേമം അതിന് തെളിവാണ്.
ഇപ്പോൾ ലീഗിന് നല്ല സ്വാധീനമുള്ള ഒരു മണ്‌ഡലത്തിൽ അവർ കച്ചവടമുറപ്പിച്ചു കഴിഞ്ഞു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബി.ജെ.പിക്ക് നല്ല വോട്ടുള്ള മണ്‌ഡലത്തിൽ ജയിപ്പിക്കാമെന്ന കരാർ ലീഗും കോൺഗ്രസും യു.ഡി.എഫും ഈ തെരഞ്ഞെടുപ്പിൽ ഏറ്റെടുത്തിരിക്കുന്നു. ബി.ജെ.പി സ്‌ഥാനാർത്ഥിത്വം തള്ളിപോയ ഗുരുവായൂർ , തലശേരി, ദേവികുളം മണ്‌ഡലങ്ങളിൽ മാത്രമല്ല, മറ്റ് മണ്‌ഡലങ്ങളിലും ഈ പ്രത്യുപകാരം നടക്കും. ബി.ജെ.പി വോട്ടർമാർക്ക് കൂടി സ്വീകാര്യനാകണം എന്ന നിലയിയാണ് ഗുരുവായുരിലെ ലീഗ് സ്‌ഥാനാർഥി കെ.എൻ.എ ഖാദർ. പൗരത്വ നിയമ ഭേദഗതി കേരളം നടപ്പാക്കില്ലെന്ന് ഉറപ്പാക്കി കേരള നിയമസഭ പ്രമേയം പാസാക്കിയതാണ്. അതിനെ സഭയിൽ അനുകൂലിച്ച ആളുമാണ് കെ.എൻ.എ ഖാദർ.
എന്നാലിപ്പോർ പൗരത്വ നിയമ ഭേദഗതിയുടെ ഭാഗമായി ജനങ്ങൾ ഫോറം പൂരിപ്പിച്ച് നൽകേണ്ടതിന് എല്ലാ സഹായവും ലീഗ് ചെയ്യും എന്ന് പരസ്യമായി പറയുകയാണ്. തങ്ങളുടെ തന്നെ നിലപാടിനെ തള്ളി ബി.ജെ.പി നിലപാടിനെ പരസ്യമായി ഖാദർ സ്വീകരിക്കുന്നു. കുറച്ച് വോട്ട് കിട്ടുന്നതിന് ഏതറ്റം വരയും പോകുന്നതിന് ലീഗും കോൺഗ്രസും തയ്യാറാകുകയാണ്. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. കേരളം ആർജിച്ച നേട്ടങ്ങൾ അട്ടിമറിക്കുക എന്ന ഉദ്ദേശമാണ് അവരുടെ പരസ്‌പര ധാരണക്ക് പിന്നിൽ. അതുകൊണ്ട് പരസ്‌പരം ഒരു അസ്വാരസ്യം ഉണ്ടാകരുതെന്ന് രണ്ട് നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്.
