
രാജ്യത്ത് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനെ (ബി.ബി.സി) നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി ‘പൂര്‍ണ്ണമായും തെറ്റായ ധാരണ’ എന്ന് വിശേഷിപ്പിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം. എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ നടപടി.
2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേരില്‍ ബി.ബി.സിയെ പൂര്‍ണമായി നിരോധിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ‘നിങ്ങള്‍ക്ക് എങ്ങനെ ഇത് വാദിക്കാന്‍ കഴിയും? ഇത് തികച്ചും തെറ്റായ ധാരണയാണ്. ബി.ബി.സി നിരോധിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കോടതിയോട് ആവശ്യപ്പെടാനാകും?’ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

ബി.ബി.സി ഇന്ത്യയ്ക്കും ഇന്ത്യന്‍ സര്‍ക്കാരിനും എതിരെ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഹിന്ദു സേന അധ്യക്ഷന്‍ വിഷ്ണു ഗുപ്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി തീരുമാനം. ഇന്ത്യയുടെയും പ്രധാനമന്ത്രിയുടെയും ആഗോള ഉയര്‍ച്ചയ്ക്കെതിരായ ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ബി.ബി.സി ഡോക്യുമെന്ററിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി നരേന്ദ്ര മോദിക്കെതിരെയുള്ള ശീതപ്രചാരണത്തിൻ്റെ പ്രതിഫലനമാണെന്നും അത് അദ്ദേഹത്തിൻ്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബി.ബി.സി നടത്തുന്ന ഹിന്ദുത്വ വിരുദ്ധ പ്രചാരണമാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
