രാഷ്ട്ര സേവനത്തിന് സുപ്രധാന വിധി; 32 വനിതാ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പൂർണ പെൻഷൻ നൽകാൻ സുപ്രീം കോടതി ഉത്തരവ്

You are currently viewing രാഷ്ട്ര സേവനത്തിന് സുപ്രധാന വിധി; 32 വനിതാ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പൂർണ പെൻഷൻ നൽകാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: വ്യോമസേനയിലെ വിരമിച്ച 32 വനിതാ ഷോർട് സർവീസ് കമ്മീഷൻ (എസ്.എസ്.സി) ഉദ്യോഗസ്ഥർക്ക് മുഴുവൻ പെൻഷനും അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധി. ചീഫ് ജസ്‌റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹിമാ കോലി, ജെ.ബി പർഡിവാല എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റെതാണ് ചരിത്ര വിധി. സേനയിലെ 32 ഉദ്യോഗസ്ഥർ 12 വർഷമായി നടത്തിവന്ന നിയമ പോരാട്ടത്തിനാണ് ഇതോടെ പരിസമാപ്‌തിയായത്.

ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ടിച്ച വനിതകൾ സ്ഥിര കമ്മിഷൻ ലഭിക്കാൻ അർഹരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഇവർക്ക് പെൻഷൻ ആനുകൂലങ്ങൾ നൽകുന്നത് അനുയോജ്യമെങ്കിൽ പെർമനണ്ട് കമ്മിഷൻ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനും വ്യോമസേനയ്ക്കും ബെഞ്ചിൻ്റെ നിർദേശവും ഉണ്ടായി.

2022 നവംബർ 16നാണ് ഇന്ത്യൻ എയർ ഫോഴ്‌സ് വനിതാ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയുടെ അനുകൂല വിധി ഉണ്ടായത്. സ്ഥിരം കമ്മിഷൻ അനുവദിക്കുന്നതിന് യോഗ്യരാണെന്ന് വ്യോമസേന കണ്ടെത്തിയാൽ വനിതാ ഉദ്യോഗസ്ഥർക്ക് 20 വർഷം സർവീസ് പൂർത്തിയാക്കിയ തീയതി മുതൽ പെൻഷൻ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെന്ന് കോടതി പറഞ്ഞു. വ്യോമസേനയ്ക്കായി ഈ ഉദ്യോഗസ്ഥർ ദീർഘകാലം സേവനം അനുഷ്‌ഠിച്ചിട്ടുണ്ടെന്നും ഇവർക്ക് മികച്ച ഔദ്യോഗിക റെക്കോർഡുകളാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

‘2020 ഫെബ്രുവരിയിൽ ഇന്ത്യൻ ആർമിയുടെയും മാർച്ച്‌ മാസത്തിൽ ഇന്ത്യൻ നേവിയുടെയും വിരമിച്ച വനിതാ ഉദ്യോഗസ്ഥർക്ക് പൂർവകാല സേവനം പരിഗണിച്ച് അർഹതപ്പെട്ടവർക്ക് സ്ഥിര കമ്മീഷനും പെൻഷനും നൽകണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. ‘2020ലും 2022 നവംബർ 16നും സുപ്രീം കോടതിയുടെ ആശ്വാസകരമായ വിധിയാണ് ഉണ്ടായിരിക്കുന്നത്’. മുൻ നാവികസേന കമാണ്ടർ പ്രസന്ന ഇടയില്യം പറഞ്ഞു. കൂടുതൽ വനിതകൾ ഇന്ത്യൻ സൈനിക സേവനത്തിന് മുന്നോട്ടു വരാൻ സുപ്രീം കോടതിയുടെ അനുകൂല ഉത്തരവുകൾ പ്രചോദനം നൽകും. ഭാവിയിൽ വനിതാ സൈനിക മേധാവി രാജ്യത്തിന് ഉണ്ടാകുമെന്ന് പ്രത്യാശിക്കാമെന്നും പ്രസന്ന ഇടയില്യം പറഞ്ഞു.

പുരുഷ സൈനികരെ പോലെ സർവീസിലിരിക്കുന്ന വനിതാ ഉദ്യോഗസ്ഥർക്ക് തുടർ സർവീസിനും വിരമിക്കുന്നവർക്ക് പെൻഷനും നകണമെന്ന 2020ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വനിതകൾ കൂടുതലായി സൈനിക മേഖലയിൽ എത്തുന്നുണ്ട്. നാഷണൽ ഡിഫൻസ് അക്കാഡമി പുണെ (എൻ.ഡി.എ), രഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് ഡെറാഡൂൺ (ആർ.ഐ.എം.സി), രാജ്യത്തെ സൈനിക് സ്‌കൂളുകൾ എന്നിവിടങ്ങളിൽ സുപ്രീം കോടതിയുടെ ആദ്യ ഉത്തരവോടെ വനിതകൾക്ക് പ്രവേശനാനുമതി ലഭിക്കുകയുണ്ടായി.

0Shares