കേരളത്തിന് ആശ്വാസം; 13,608 കോടി കൂടി കടമെടുക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ നിര്‍ദേശം

You are currently viewing കേരളത്തിന് ആശ്വാസം; 13,608 കോടി കൂടി കടമെടുക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ നിര്‍ദേശം

തിരുവനന്തപുരം: അധികമായി 13608 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളത്തിന് അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി. കേരളം നല്‍കിയ കേസ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഇത് തടഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തിന് സുപ്രീം കോടതിയുടെ ഇടപെടല്‍ വലിയ ആശ്വാസമായി മാറി. കടമെടുക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സെക്രട്ടറി തല ചര്‍ച്ച സംഘടിപ്പിക്കാന്‍ കേന്ദ്രത്തോടും കേരളത്തോടും സുപ്രീം കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തിൻ്റെ ധനകാര്യ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്ന് ഹര്‍ജിയില്‍ കേരളം ആരോപിച്ചു. ഇക്കാരണത്താല്‍ വാര്‍ഷിക ബജറ്റിലെ വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും കേരളം കോടതിയെ ബോധിപ്പിച്ചു.

ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ട നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. എങ്ങനെയാണ് ഇത്തരമൊരു നിബന്ധനമുന്നോട്ട് വയ്ക്കുന്നതെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. ഒരു ഹര്‍ജി നല്‍കുന്നത് ഭരണഘടനയുടെ 131-ാം അനുച്ഛേദം പ്രകാരം ഹര്‍ജിക്കാരൻ്റെ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേരളസര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. 13,608 കോടി രൂപ അധികമായി വായ്‌പയെടുക്കുന്നത് സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം വാദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് 50,000 കോടി രൂപ കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചു. വിഷയത്തില്‍ ഉചിതമായ ഇടപെടല്‍ നടത്തണമെന്നും ഉത്തരവുകള്‍ പാസാക്കണമെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു.

കേന്ദ്രസര്‍ക്കാരിൻ്റെ ഇടപെടല്‍ മൂലം സംസ്ഥാനത്തെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗത്തിനുമുൾപ്പടെ ക്ഷേമപദ്ധതികള്‍ വഴി നല്‍കാനുള്ള തുക വലിയ കുടിശ്ശികയായി മാറിയെന്നും കേരളസര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കാനും മറ്റ് ചെലവുകള്‍ പൂര്‍ത്തിയാക്കാനും സുപ്രീം കോടതിയുടെ ഇടപെടല്‍ സംസ്ഥാനത്തെ സഹായിക്കും.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഈ മാസാവസാനം വലിയ തുക നല്‍കുന്നതിന് സംസ്ഥാനം അധികമായി ഫണ്ട് സമാഹരിക്കേണ്ടതുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം 22,000 കോടി രൂപയായിരുന്നു ട്രഷറിയില്‍നിന്നുള്ള അടവ്.

0Shares