ഗവര്‍ണര്‍മാരോട് സുപ്രീംകോടതി, ബില്‍ പിടിച്ചുവയ്ക്കല്‍ അനുവദിക്കില്ല; നിയമസഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താൻ ആവില്ലെന്നും സുപ്രീം കോടതി

You are currently viewing ഗവര്‍ണര്‍മാരോട് സുപ്രീംകോടതി, ബില്‍ പിടിച്ചുവയ്ക്കല്‍ അനുവദിക്കില്ല; നിയമസഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താൻ ആവില്ലെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലിന് അംഗീകാരം നല്‍കാൻ കഴിയില്ലെങ്കില്‍ ഗവര്‍ണര്‍ തിരികെ അയയ്ക്കണമെന്നും, നിയമസഭയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതി. ബില്‍ നിയമസഭ വീണ്ടും പരിഗണിച്ച്‌ തിരിച്ചയച്ചാല്‍ ഒപ്പിട്ടിരിക്കണം.

ഭരണഘടനയിലെ അനുച്ഛേദം 200 പ്രകാരം ബില്ലുകളില്‍ മൂന്നു നടപടികള്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് കഴിയുക. ബില്‍ അംഗീകരിക്കലോ കൈവശം വയ്ക്കലോ, ബില്‍ തിരിച്ചയയ്ക്കല്‍, രാഷ്ട്രപതിക്ക് അയക്കല്‍. ഇതില്‍ ബില്‍ കൈവശം വയ്ക്കുന്നതിലാണ് കോടതി വ്യക്തത വരുത്തിയത്. പഞ്ചാബ് ഗവര്‍ണര്‍ ബൻവാരിലാല്‍ പുരോഹിതിനെതിരെ ഭഗവന്ത് മൻ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. നവംബര്‍ 10ന് പരിഗണിച്ച ഹര്‍ജിയിലെ വിശദമായ വിധി വ്യാഴാഴ്‌ച സുപ്രീംകോടതി വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തു.

ബില്ലില്‍ പുനഃപരിശോധന ആവശ്യമുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക് ചൂണ്ടിക്കാട്ടാം. അടയിരിക്കുന്നത് നിയമസഭയുടെ പ്രവര്‍ത്തനത്തെ വീറ്റോ ചെയ്യുന്നതിന് തുല്യമാണ്.

Courtesy:LiveLow.in

ഭരണഘടനാ ജനാധിപത്യ തത്വങ്ങള്‍ക്ക് എതിരും പാര്‍ലമെൻ്റെറി ക്രമത്തിന് വിരുദ്ധവുമാണ്.

ഗവര്‍ണര്‍ പ്രതീകാത്മക തലവൻ മാത്രം

ഗവര്‍ണര്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണത്തലവനല്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ ബെഞ്ച് സംശയത്തിന് ഇടയില്ലാതെ വ്യക്തമാക്കി. ചില ഭരണഘടനാ അധികാരങ്ങള്‍ ആ പദവിക്കുണ്ട്. എന്നാല്‍, നിയമസഭകളുടെ നിയമ നിര്‍മാണത്തിൻ്റെ ഗതി തടസപ്പെടുത്താൻ ഈ അധികാരങ്ങള്‍ ഉപയോഗിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പ് നല്‍കി. ജനാധിപത്യത്തിലെ പാര്‍ലമെൻ്റെറി വ്യവസ്ഥയില്‍ ജനപ്രതിനിധികള്‍ക്കാണ് യഥാര്‍ത്ഥ അധികാരം

കേരള ഗവര്‍ണര്‍- സര്‍ക്കാര്‍ അങ്കം കോടതിയില്‍

ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ ബെഞ്ച് വെള്ളിയാഴ്‌ച പരിഗണിച്ചു. പഞ്ചാബ് ഗവർണർക്കെതിരെ പുറപ്പെടിച്ച ഉത്തരവുകൾ കേരള ഗവർണർക്കും ബാധകമാണെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ബില്ലുകളില്‍ ഉടൻ തീരുമാനമെടുക്കാൻ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു സര്‍ക്കാരിൻ്റെ ആവശ്യം. ഗവര്‍ണറുടെ ഓഫീസിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കട്ടരമണിയും, സര്‍ക്കാരിനായി മുൻ അറ്റോര്‍ണി ജനറലും മലയാളിയുമായ കെ.കെ വേണുഗോപാലും ഹാജരായി.

0Shares