അദാനി- ഹിന്‍ഡന്‍ബര്‍ഗ് കേസ്; അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് സെബിയോട് സുപ്രീം കോടതി

You are currently viewing അദാനി- ഹിന്‍ഡന്‍ബര്‍ഗ് കേസ്; അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് സെബിയോട് സുപ്രീം കോടതി

അദാനി ഗ്രൂപ്പിനെതിരേ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഒരു കൂട്ടം ഹര്‍ജികളിൽ സുപ്രീം കോടതി വിധി പറഞ്ഞു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് ഓഹരി വിലയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണമാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്. സെബിയുടെ അന്വേഷണത്തിൽ ഇടപെടാൻ സുപ്രീം കോടതിക്കുള്ള അധികാരം പരിമിതമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 22 കേസുകളില്‍ സെബിയുടെ അന്വേഷണം ഇതിനോടകം പൂര്‍ത്തിയായെന്നും ബാക്കിയുള്ള രണ്ടു കേസുകളിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി സെബിക്ക് നിര്‍ദേശം നല്‍കി.

‘‘ഇന്ത്യന്‍ നിക്ഷേപകരുടെ താത്പര്യം പരിഗണിച്ച് സമിതിയുടെ ശുപാര്‍ശകര്‍ കേന്ദ്രസര്‍ക്കാരും സെബിയും പരിഗണിക്കണം. അത്തരം റിപ്പോര്‍ട്ടുകളും അന്വേഷണഭാഗങ്ങളും സെബിയ്ക്ക് സൂചനകളായി കണക്കാക്കാം. എന്നാല്‍ നിഗമനമായി കണക്കാക്കാന്‍ പാടില്ല’’ സുപ്രീം കോടതി പറഞ്ഞു. അതേസമയം, ഹിന്‍ഡന്‍ബെര്‍ഗിൻ്റെ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനമുണ്ടോയെന്ന് പരിശോധിക്കാനും അങ്ങനെയങ്കില്‍ നിയമം അനുസരിച്ച് നടപടിയെടുക്കാനും സെബിയോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

Courtesy:LowLive

കേസ് പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പ്രത്യേക അന്വേഷണ സംഘത്തിനോ മറ്റ് അന്വേഷണ ഏജന്‍സിക്കോ കൈമാറാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

അഭിഭാഷകരായ വിശാല്‍ തിവാരി, എം.എല്‍ ശര്‍മ, കോണ്‍ഗ്രസ് നേതാക്കളായ ജയ ഠാക്കൂര്‍, അനാമിക ജയ്‌സ്വാള്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദാനി ഗ്രൂപ്പിൻ്റെ ഓഹരി വില പെരുപ്പിച്ച് കാട്ടിയെന്നും ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഗ്രൂപ്പിൻ്റെ വിവിധ സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞുവെന്നും ഹര്‍ജിക്കാർ ആരോപിച്ചു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥ കാര്യമായി കണക്കാക്കേണ്ടത് ഇല്ലെന്നും കോടതി പറഞ്ഞു. ഓഹരി വിപണിയിലെ ചാഞ്ചാട്ടം അല്ലെങ്കില്‍ ഷോര്‍ട്ട് സെല്ലിങ് കാരണം നിക്ഷേപകര്‍ക്ക് അവരുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ ഭാവിയില്‍ എന്താണ് ചെയ്യാന്‍ ഉദേശിക്കുന്നതെന്ന് സുപ്രീം കോടതി സെബിയോട് ആരാഞ്ഞു.

2014ല്‍ തന്നെ ഒട്ടേറെ വിവരങ്ങള്‍ സെബിക്ക് ലഭ്യമായിരുന്നതിനാല്‍ അവരുടെ പങ്ക് പല കാരണങ്ങള്‍ കൊണ്ടും സംശയ ആസ്‌പദമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചിരുന്നു. എന്നാൽ ഇന്ത്യക്ക് ഉള്ളിലെ കാര്യങ്ങളെയും നയങ്ങളെ സ്വാധീനിക്കുന്നതിന് ഇന്ത്യക്ക് പുറത്ത് കഥകള്‍ നട്ടുപിടിപ്പിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്ന് സെബിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാന്‍ മേത്ത സുപ്രീം കോടതിയോട് പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരേയുള്ള 24 ആരോപണങ്ങളില്‍ 22ലും അന്വേഷണം പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.

അദാനി ഗ്രൂപ്പ് വഞ്ചനാപരമായ ഇടപാടുകള്‍ നടത്തുന്നുണ്ടെന്നും ഓഹരിവിലയില്‍ കൃത്രിമത്വം കാണിക്കുന്നുണ്ട് എന്നുമുള്ള ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് ഉന്നയിച്ചതിന് പിന്നാലെ ഗ്രൂപ്പിൻ്റെ ഓഹരികള്‍ വിപണിയില്‍ തകര്‍ന്നിരുന്നു. എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കിയ അദാനി ഗ്രൂപ്പ് തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞിരുന്നു.

0Shares