
ചരക്കുസേവന നികുതി (ജിഎസ്‌ടി) സംബന്ധിച്ച നിയമ നിർമാണത്തെപ്പറ്റിയുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി ജനാധിപത്യത്തിനും ഫെഡറലിസത്തിനും വിലകൽപ്പിക്കാത്ത നരേന്ദ്ര മോദി സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണ്. നികുതി നിയമ നിർമാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമാണെന്നും ജിഎസ്‌ടി കൗൺസിലിൻ്റെ നിർദേശം പാലിക്കാൻ ഇരുസർക്കാരിനും ബാധ്യതയില്ലെന്നുമുള്ള വിധിയിലൂടെ കോടതി ഭരണഘടനാ തത്വങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറയുകയാണ്.

2017 ജൂലൈ ഒന്നിന് ജിഎസ്‌ടി തിരക്കിട്ട് നടപ്പാക്കിയശേഷം ഏകപക്ഷീയമായ തീരുമാനങ്ങൾ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു കേന്ദ്രം. കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധത്തിൻ്റെ അന്തഃസത്തയ്‌ക്ക് വിരുദ്ധമാണ് നികുതി നിശ്‌ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തിൻമേലുള്ള കടന്നുകയറ്റം. ജിഎസ്‌ടി വ്യവസ്ഥകളിൽ കാതലായ മാറ്റം വേണമെന്നും സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കരുതെന്നുമുള്ള ശക്തമായ ആവശ്യം ഉയർന്നുവരുമ്പോൾ ഉണ്ടായ കോടതി വിധിക്ക് ഏറെ പ്രാധാന്യമുണ്ട്.
2016ലെ ഭരണഘടനാ ഭേദഗതിയനുസരിച്ച് അനുച്ഛേദം 246 എ പ്രകാരം സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി സംബന്ധിച്ച് നിയമനിർമാണത്തിന് വ്യവസ്ഥയുണ്ട്. അനുച്ഛേദം 279 എ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും പറയുന്നു. ജനാധിപത്യം അതിൻ്റെ പൂർണതയിൽ പ്രവർത്തിക്കുമ്പോഴേ കേന്ദ്ര സംസ്ഥാനബന്ധം ശക്തമായി നിലനിൽക്കുകയുള്ളൂ. ഒരുകൂട്ടർ മറ്റൊരു കൂട്ടരുടെ മേൽ അമിതാധികാരം ഉപയോഗിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന രീതിക്ക് എതിരാണെന്നുകൂടി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘ഒരു രാജ്യം ഒരു നികുതി’ എന്ന രീതിയെ സി.പി.ഐ(എം) തുടക്കംമുതലേ എതിർത്തിരുന്നു. സംസ്ഥാനങ്ങളുടെ നികുതി നിർണയാവകാശം കവർന്നെടുത്താണ് കേന്ദ്രം ജിഎസ്‌ടി നടപ്പാക്കിയത്. സംസ്ഥാനങ്ങളുടെ തനതുവരുമാനത്തിൻ്റെ 44 ശതമാനം നികുതികൾ ജിഎസ്‌ടിയിൽ ലയിപ്പിച്ചപ്പോൾ കേന്ദ്രവരുമാനത്തിൻ്റെ 28 ശതമാനമാണ് ലയിപ്പിച്ചത്. എന്നാൽ, പിരിച്ചെടുക്കുന്ന മൊത്തം നികുതിയുടെ 50 ശതമാനംവീതം കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിട്ടെടുക്കുന്ന വ്യവസ്ഥയുണ്ടാക്കി. ഇതിലൂടെ കേന്ദ്ര വരുമാനം കുത്തനെ കൂടിയപ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം ഇടിഞ്ഞു. വരുമാനക്കുറവുണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് ജൂണിനുശേഷം നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം വലിയ പ്രതിസന്ധി സൃഷ്‌ടിക്കും.
സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ചേർന്ന് സമവായ രീതിയിലാണ് തീരുമാനങ്ങളെടുക്കേണ്ടതെന്ന് പറയുമ്പോൾത്തന്നെ കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിക്കുന്ന വോട്ടിങ് രീതിയാണ് ജിഎസ്‌ടി കൗൺസിലിൻ്റെത്. 33 അംഗ ജിഎസ്‌ടി കൗൺസിലിൽ രണ്ട് കേന്ദ്ര മന്ത്രിമാരാണുള്ളതെങ്കിലും കേന്ദ്ര സർക്കാരിൻ്റെ വോട്ടിങ് മൂല്യം പോൾ ചെയ്ത വോട്ടിൻ്റെ മൂന്നിൽ ഒന്നും സംസ്ഥാന സർക്കാരുകളുടെ വോട്ട് മൂല്യം മൂന്നിൽ രണ്ടുമാണ്. കൗൺസിൽ യോഗത്തിൽ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളിൽ നാലിൽ മൂന്നു പേരുടെ ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവയ്‌ക്കുന്ന നിർദേശങ്ങളെപ്പോലും കേന്ദ്രത്തിന് വീറ്റോ ചെയ്യാനാകും.

ജിഎസ്‌ടി കൗൺസിൽ ശുപാർശകൾ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ബാധകമല്ലെന്ന് സുപ്രീംകോടതി വിധിച്ചതിന് ശേഷം, ഈ വിധി ഇന്ത്യയിൽ ജിഎസ്‌ടി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെയോ നിലവിലുള്ള ചട്ടക്കൂടിൽ നിന്ന് അടിസ്ഥാനപരമായി യാതൊരു ബന്ധവുമില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. “സുപ്രീംകോടതി അതിൻ്റെ നിരീക്ഷണങ്ങൾ നടത്തുമ്പോൾ ഈ സംവിധാനം വിശദീകരിക്കുക മാത്രമാണ് ചെയ്തത്. ജിഎസ്‌ടി സ്ഥാപനപരമായ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഈ വിധി ഒരു തരത്തിലും പുതിയതായി ഒന്നും നൽകുന്നില്ല, ഇന്ത്യയിൽ ജിഎസ്‌ടി പ്രവർത്തിക്കുന്ന രീതിയെ ബാധിക്കില്ല. , അല്ലെങ്കിൽ ജിഎസ്‌ടിയുടെ നിലവിലുള്ള ചട്ടക്കൂടിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്‌തമായ ഒന്നും നിരത്തുന്നില്ല,” സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
