
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചു. 13 ഇനം സാധനങ്ങൾക്ക് നൽകി വന്നിരുന്ന 55 % സബ്‌സിഡി 35 % ആക്കി കുറച്ചതോടെ ആണ് വില വർധിച്ചത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില.
വിപണി വിലയെക്കാള്‍ 35 ശതമാനം കുറവിൽ ആയിരിക്കും സപ്ലൈകോയില്‍ സാധനം വിതരണം ചെയ്യുകയെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി. പുതിയ നിരക്ക് അനുസരിച്ച് ചെറുപയര്‍ ഒരു കിലോ 92 രൂപ, ഉഴുന്ന് ഒരുകിലോ 95, വന്‍കടല ഒരു കിലോ 69, വന്‍ പയര്‍ 75, തുവരപരിപ്പ് 111, മുളക് അരിക്കിലോ 82, മല്ലി അരക്കിലോ 39, പഞ്ചസാര ഒരു കിലോ 27, വെളിച്ചെണ്ണ അരലിറ്റര്‍ 55, കുറുവ അരി 30, മട്ട അരി 30, പച്ചരി 26 എന്നിങ്ങനെ ആയിരിക്കും വിലയെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ ചെറുപയര്‍ 74, ഉഴുന്ന് 66, വന്‍കടല 43, വന്‍ പയര്‍ 45, തുവരപരിപ്പ് 65, മുളക് 75, മല്ലി 39 രൂപ 50 പൈസ, പഞ്ചസാര 22, വെളിച്ചെണ്ണ 46, കുറവ അരി 25, മട്ട അരി 25, പച്ചരി 23 എന്നിങ്ങനെ ആയിരുന്നു വില.
ചില സീസണില്‍ വിലയില്‍ വ്യത്യാസമുണ്ടാകും. വിപണി വിലയ്ക്ക് അനുസരിച്ച് സപ്ലൈകോയിലും വില ഉയരും. ജനങ്ങള്‍ക്ക് 35 ശതമാനമെങ്കിലും വിലക്കുറവ് ഉണ്ടാകുന്നതരത്തിലാണ് വിതരണം നടത്തി വിലക്കയറ്റം തടഞ്ഞു നിര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു
2016ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. സപ്ലൈകോയില്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് നേരത്തെ ഇടതുമുന്നണി പച്ചക്കൊടി കാട്ടിയിരുന്നു. നിലവിലെ രീതിയില്‍ മുന്നോട്ടു പോകാനാകില്ലെന്ന് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചതോടെ ആണ് സിവില്‍ സപ്ലൈസ് വകുപ്പ് വില വര്‍ധിപ്പിക്കുന്നതിന് നിര്‍ബന്ധിതമായത്.
