
കുറ്റിക്കോൽ / കാസർകോട്: ‘പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന രസതന്ത്രമാണ് അഭിനയ’മെന്ന പാഠത്തിലൂന്നി ഒരു സംഘം ചലചിത്രകാരൻമാർ നേതൃത്വം കൊടുക്കുന്ന ചലച്ചിത്ര അഭിനയ ക്യാമ്പ് കാണുന്നവരിലും കാഴ്‌ചാ രസമാകുന്നു. പ്രശസ്‌ത സിനിമാ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ പ്രിയനന്ദനൻ നേതൃത്വം നൽകുന്ന ക്യാമ്പിൽ ജില്ലയിലെ മുതിർന്നവരും കുട്ടികളുമായി 75 പേർ പങ്കെടുക്കുന്നു. ‘അഭിനയ ശരീരം’ എന്ന പേരിൽ ഏറെ വ്യത്യസ്‌തയോടെയാണ് ക്യാമ്പ് ഒരുക്കുന്നത്.

നാടക അഭിനയത്തിൽ നിന്ന് ചലച്ചിത്രാഭിനയം എങ്ങിനെ വ്യത്യസ്തമാകുന്നു എന്നുള്ളതാണ് ക്യാമ്പ്. കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുറ്റിക്കോലിൽ പ്രവർത്തിക്കുന്ന സൺഡെ തിയറ്ററിൻ്റെ മൂന്നുദിവസത്തെ ക്യാമ്പിനാണ് തുടക്കമായത്. നെരൂദ ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തിയറ്റർ ഡയറക്ടർ ഗോപി കുറ്റിക്കോൽ സ്വാഗതവും മണികണ്ഠൻ കാവുങ്കാൽ നന്ദിയും പറഞ്ഞു. പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് തിയറ്റർ പഠനം പൂർത്തിയാക്കിയ അഡ്വ. എൻ.എസ് താര, ഷിനിൽ വടകര, മണിപ്രസാദ് ചലച്ചിത്ര നടൻമാരായ അനൂപ് ചന്ദ്രൻ, രാജേഷ് മാധവൻ, ബാബു അന്നൂർ എന്നിവർ വിവിധ ദിവസങ്ങളിൽ ക്ലാസെടുക്കും.
