പഞ്ചസാര ക്ഷാമം രൂക്ഷമാകും; കരിമ്പില്‍ നിന്ന് എത്തനോള്‍ ഉത്പാദനത്തിന് നിരോധനം

  • Post category:business / Kerala / news
  • Reading time:2 mins read
You are currently viewing പഞ്ചസാര ക്ഷാമം രൂക്ഷമാകും; കരിമ്പില്‍ നിന്ന് എത്തനോള്‍ ഉത്പാദനത്തിന് നിരോധനം

കൊച്ചി: പഞ്ചസാരയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കരിമ്പില്‍ നിന്നുള്ള എത്തനോള്‍ ഉത്പാദനത്തിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തി. നടപ്പ് സീസണില്‍ കരിമ്പ് ജ്യൂസ്, സിറപ്പ് എന്നിവ എത്തനോള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കരുതെന്ന് ഷുഗര്‍ മില്ലുകള്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യാഴാഴ്‌ച നിര്‍ദേശം നല്‍കി.

പൊതു മേഖലാ എണ്ണക്കമ്പനികള്‍ നല്‍കിയിട്ടുള്ള കരാറനുസരിച്ച്‌ ബി ഹെവി മൊളാസസില്‍ നിന്നും എത്തനോള്‍ ഉത്പാദിപ്പിക്കുന്നതിന് വിലക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കാലാവസ്ഥാ വൃതിയാനം മൂലം കരിമ്പ് ഉത്പാദനം കുറഞ്ഞതിനാല്‍ പഞ്ചസാര വിപണി വിലക്കയറ്റ ഭീഷണിയിലാണ്. ബയോ ഇന്ധന ആവശ്യത്തിനായി എത്തനോള്‍ ഉത്പാദിപ്പിക്കുന്നതിന് കരിമ്പ് ഉപയോഗിക്കുന്നതാണ് പഞ്ചസാര ക്ഷാമം സൃഷ്ടിക്കുന്നത്.

പഞ്ചസാര ലഭ്യത വിപണിയില്‍ ഉറപ്പുവരുത്താനുള്ള നടപടികളെ കുറിച്ച്‌ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ എന്നിവരടങ്ങിയ മന്ത്രിസഭാ സമിതി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എത്തനോള്‍ ഉത്പാദനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളില്‍ ഉദാസീസന വേണ്ടയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിലക്കയറ്റ സാധ്യതകള്‍ കണക്കിലെടുത്ത് നിലവില്‍ പഞ്ചസാര കയറ്റുമതിക്ക് കടുത്ത നിയന്ത്രണമുണ്ട്.

ഒക്ടോബറില്‍ ആരംഭിച്ച സീസണിലെ ആദ്യ രണ്ട് മാസങ്ങളില്‍ പഞ്ചസാര ഉത്പാദനം മുൻവര്‍ഷം ഇതേകാലയളവിനേക്കാള്‍ പത്ത് ശതമാനം ഇടിഞ്ഞ് 43.2 ലക്ഷം ടണ്ണിലെത്തി. പ്രധാന കരിമ്പ് കൃഷി മേഖലകളായ കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ മഴ ലഭ്യത കുറഞ്ഞതാണ് തിരിച്ചടിയായത്.

എത്തനോള്‍ നിര്‍മ്മാണത്തിന് 40 ലക്ഷം ടണ്‍ കരിമ്പ്

പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ കരിമ്പാണ് ബയോ ഇന്ധന ആവശ്യത്തിനുള്ള എത്തനോള്‍ ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ക്രൂഡോയില്‍ ഇറക്കുമതി ബില്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് 2018 ലാണ് പെട്രോളില്‍ എത്തനോള്‍ മിശ്രിതം പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ പത്ത് ശതമാനം എത്തനോള്‍ ചേര്‍ത്താണ് കമ്പനികള്‍ പെട്രോള്‍ വില്ക്കുന്നത്. പുതിയ തീരുമാനം വന്നതോടെ എത്തനോള്‍ ഉത്പാദനത്തിന് വൻ നിക്ഷേപം നടത്തിയ കമ്പനികള്‍ ആശങ്കയിലാണ്.

ഷുഗര്‍ ഓഹരികളില്‍ കനത്ത ഇടിവ്

കമ്പനി വിലയിടിവ്

ശ്രീരേണുക ഷുഗര്‍ : 4.16 ശതമാനം

ഇ.ഐ.ഡി പ്യാരി : 6.61 ശതമാനം

ബര്‍ലാംപൂര്‍ ചീനി : 6.74 ശതമാനം

ബജാജ് ഹിന്ദുസ്ഥാൻ : 5.45 ശതമാനം

0Shares