മലയാളിയ്‌ക്ക് ഇത് അഭിമാന ദിനം; കുതിച്ചുയര്‍ന്ന എസ്‌.എസ്‌.എല്‍.വി നിര്‍മ്മാണത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളും പങ്കാളികള്‍; അറിയാം കുഞ്ഞു കുഞ്ഞു വലിയ വിശേഷങ്ങള്‍

You are currently viewing മലയാളിയ്‌ക്ക് ഇത് അഭിമാന ദിനം; കുതിച്ചുയര്‍ന്ന എസ്‌.എസ്‌.എല്‍.വി നിര്‍മ്മാണത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളും പങ്കാളികള്‍; അറിയാം കുഞ്ഞു കുഞ്ഞു വലിയ വിശേഷങ്ങള്‍

ഭാരതത്തിന് ഇത് അഭിമാന ദിനമാണ്. ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് മറ്റൊരു വിജയത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. ചെറിയ ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കുന്നതിന് ഐ.എസ്‌.ആര്‍.ഒ രൂപകല്‍പ്പന ചെയ്ത എസ്‌.എസ്‌.എല്‍.വി ഡി-2 ൻ്റെ വിക്ഷേപണമാണ് സമ്പൂര്‍ണ വിജയത്തിലെത്തിയത്.

ഇന്ത്യന്‍ പൗരന്മാരെല്ലാം അഭിമാനം കൊള്ളുന്ന ദിനമാണെങ്കിലും മലയാളികള്‍ക്ക് ഇന്ന് ഇരട്ടി മധുരത്തിൻ്റെ ദിനമാണ്. കാരണം മലയാളി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നിര്‍മ്മിച്ച ആസാദി സാറ്റ്- 2 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലെത്തിച്ചത്.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 750 വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉപഗ്രഹമാണ് ആസാദി സാറ്റ്- 2. ആസാദി സാറ്റിൻ്റെ നിര്‍മ്മാണത്തില്‍ കേരളത്തില്‍ നിന്ന് അഴീക്കോട് കെ.എം സീതി സാഹിബ് മെമ്മോറിയല്‍ ഹൈസ്‌കൂളും കണ്ണൂര്‍ കോളയാട് സെന്റ് കൊര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പങ്കാളികളാണ്.

ഓഗസ്റ്റില്‍ വിക്ഷേപിച്ച ആസാദി സാറ്റ് ഒന്നിൻ്റെ നിർമ്മാണത്തില്‍ കോളയാട് സ്‌കൂളും മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്‌കൂളുമാണ് കേരളത്തില്‍ നിന്ന് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ആദ്യ എസ്‌.എസ്‌.എല്‍.വി വിക്ഷേപണം പരാജയമായിരുന്നു. റോക്കറ്റിൻ്റെ മൂന്ന് ഘട്ടങ്ങളും ശരിയായി പ്രവര്‍ത്തിച്ചെങ്കിലും ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. പിഴവുകള്‍ കണ്ടെത്തി പരിഹരിച്ചായിരുന്നു രണ്ടാമത്തെ വിക്ഷേപണം.

ബഹിരാകാശ വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കാനായി ഇസ്രോ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്‌.എസ്‌.എല്‍.വി. 34 മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള ഈ റോക്കറ്റിൻ്റെ ഭാരം 120 ടണ്ണാണ്. 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്‌.എസ്‌.എല്‍.വിക്ക്. വാണിജ്യ ദൗത്യങ്ങളില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് എസ്‌.എസ്‌.എല്‍.വി പേടകം ഒരുക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞ നിരക്കയാതിനാല്‍ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് എസ്‌.എസ്‌.എല്‍.വിയെ തേടി ആവശ്യക്കാര്‍ എത്തുമെന്നാണ് ഇസ്രോയുടെ വിലയിരുത്തല്‍.

0Shares