
കോട്ടയം: തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമി(12) മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയുടെ തീവപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്താണ് കടിയേറ്റത്. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിൻ്റെ മൂന്ന് കുത്തിവയ്പ്പുകളും എടുത്തുവെങ്കിലും ആരോഗ്യനില മോശമായി തുടരുകയായിരുന്നു.
കുട്ടിയുടെ സ്രവങ്ങള്‍ പൂനൈ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ചൊവാഴ്‌ച പരിശോധനാഫലം വരാനിരിക്കെയാണ് മരണം. ഓഗസ്റ്റ് 13-നാണ് അഭിരാമിയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. വീട്ടിലേക്ക് പാല്‍ വാങ്ങുന്നതിനായി കാര്‍മല്‍ എന്‍ജിനീയറിങ് കോളേജ് റോഡിലൂടെ നടന്നു പോവുകയായിരുന്നു അഭിരാമി.

ഈ സമയം പിന്നിലൂടെ ഓടിയെത്തിയ തെരുവുനായ കാലില്‍ കടിക്കുകയായിരുന്നു. കടിയേറ്റ് താഴെ വീണപ്പോള്‍ അഭിരാമിയുടെ കൈയിലും ഇടതുകണ്ണിലും കടിക്കുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ആദ്യത്തെ വാക്‌സിന്‍ എടുത്തു. രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്. നാലാമത്തെ വാക്‌സിന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു.
കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്‌ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. എക്സ്റേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് വീട്ടില്‍ വിട്ടു. വൈകിട്ട് കുട്ടിയുടെ നില കൂടുതല്‍ വഷളായി. വായില്‍ നിന്നും പത വരികയും ദൃഷ്ടി മുകളിലേക്ക് മറഞ്ഞു തുടങ്ങുകയും ചെയ്തു. ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. മൈലപ്ര എസ്.എച്ച്. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് അഭിരാമി.
നായയുടെ കടിയേറ്റാല്‍ ഒരു മണിക്കൂറില്‍ ചില ശുശ്രൂഷകള്‍ ചെയ്താന്‍ പേവിഷ ബാധ ഒരു പരിധിവരെ തടയാകുമെന്ന് ഡോക്റ്റര്‍ സുള്‍ഫി നൂഹു. പേവിഷ ബാധയേറ്റാല്‍ അവശ്യം ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ ഈ ഒരു മണിക്കൂറില്‍ ചെയ്‌തു തീര്‍ത്തെ തീരുകയുള്ളൂ എവിടെ വെച്ച് പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നെന്ന് ഐ.എം.എ കേരള പ്രസിഡണ്ട് കൂടിയായ സുള്‍ഫി ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിൻ്റെ പൂര്‍ണരൂപം:
പട്ടികടിയിലും ഒരു ഗോള്‍ഡന്‍ അവര്‍ അഥവാ സുവര്‍ണ്ണ മണിക്കൂര്‍ നിലനിര്‍ത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു. ആദ്യത്തെ ഒരു മണിക്കൂറില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ പേവിഷ ബാധ ഏല്‍ക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു.
പേവിഷ ബാധയേറ്റാല്‍ അവശ്യം ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ ഈ ഒരു മണിക്കൂറില്‍ ചെയ്ത് തീര്‍ത്തെ തീരുകയുള്ളൂ എവിടെ വെച്ച് പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു
ഒരുപക്ഷേ സോപ്പ് ലഭ്യമല്ലെങ്കില്‍ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുയെങ്കിലും ചെയ്തിരിക്കണം. ദ്വാരത്തിൻ്റെ രീതിയിലുള്ള മുറിവുകളില്‍ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയില്‍ കഴുകുന്നത് വളരെ നല്ലത്.സോപ്പ് ലായനി വൈറസിൻ്റെ പുറത്തുള്ള ചട്ടയെ അലിയിച്ച് കളയും

മുറിവ് കഴുകി കഴിഞ്ഞാല്‍ അയഡിന്‍ സൊലൂഷനോ ആല്‍ക്കഹോള്‍ സൊലൂഷനോ ഉപയോഗിച്ച് ശുദ്ധമായി ക്ലീന്‍ ചെയ്യണം.വാക്‌സിനേഷന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എത്രയും പെട്ടെന്ന്. പ്രത്യേകിച്ച് ആദ്യഡോസ്. വാക്‌സിന്‍ ജീവന്‍ രക്ഷിക്കും ഉറപ്പ്. വൈറസ് ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാല്‍ അത് നര്‍വസ് സിസ്റ്റത്തെ ബാധിക്കുന്നതിന് മുമ്പ് എത്രയും പെട്ടെന്ന് ആദ്യത്തെ ഡോസ് വാക്‌സിനേഷനും എടുക്കുന്നത് പ്രാധാന്യം.
ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇമ്മ്യൂണോ ഗ്ലോബലിനും കുത്തിവയ്ക്കണം. മുറിവില്‍ തയ്യല്‍ വേണമെന്നതാണല്ലോ സാധാരണ രീതി.എന്നാല്‍ പേപ്പട്ടി കടിച്ച മുറിവുകളില്‍ തുന്നല്‍ ഇടാന്‍ പാടില്ല. മുറിവ് വളരെ വലുതാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിശ്ചിതകാല കാലാവധി കഴിഞ്ഞതിനുശേഷം സെക്കന്‍ഡറി സ്യൂച്ചറിങ് ആണ് ചെയ്യാറുള്ളത്.
തുടര്‍ച്ചയായുള്ള മരണങ്ങള്‍ ഈ ബാച്ച് വാക്‌സിൻ്റെ ഫലപ്രാപ്തിയെ കുറിച്ച് സംശയം ഉണര്‍ത്തുന്നു എന്നുള്ളതിന് സംശയമില്ല. അതിനര്‍ത്ഥം വാക്‌സിന്‍ ഫലവത്തല്ല എന്നല്ല.
വാക്‌സിന്‍ നിര്‍മ്മാണത്തിലോ അതിൻ്റെ ശീതീകരണത്തിലോ ശുദ്ധീകരണത്തിലോ സംഭവിച്ച പാളിച്ചകള്‍ വാക്‌സിൻ്റെ ഫലപ്രാപ്തിയെ കുറയ്ക്കും എന്ന് നമുക്കറിയാം. വാക്‌സിൻ്റെ നിലവിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതോടൊപ്പം ആദ്യത്തെ ഗോള്‍ഡന്‍ മണിക്കൂറിലെ ഗോള്‍ഡന്‍ പ്രയോഗങ്ങള്‍ റാബീസ് തടയുക തന്നെ ചെയ്യും. പട്ടി കടിച്ചാലും ഇരിക്കട്ടെ ഒരു ഗോള്‍ഡന്‍ മണിക്കൂര്‍.
