കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ബി.ജെ.പി നേതാവ് അറസ്റ്റില്‍, കലാപം ആസൂത്രിതം എന്നാണ് പോലീസ് നിഗമനം.

You are currently viewing കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ബി.ജെ.പി നേതാവ് അറസ്റ്റില്‍, കലാപം ആസൂത്രിതം എന്നാണ് പോലീസ് നിഗമനം.

തമിഴ്‌നാട്: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. അറസ്റ്റിലായത് കള്ളക്കുറിച്ചിയില്‍ ജില്ലാ വൈസ്. പ്രസിഡന്‍റ് രവികുമാറാണ്. ഇതോടെ കലാപ കേസില്‍ അറസ്റ്റിലായവരില്‍ അണ്ണാ ഡി.എം.കെ. ഐ.ടി സെല്‍ അംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കലാപം ആസൂത്രിതം എന്നാണ് പോലീസ് നിഗമനം.

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം റീ പോസ്റ്റ്‍മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‍മോര്‍ട്ടം കഴിഞ്ഞാല്‍ ഉടന്‍ മൃതദേഹം സംസ്കരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പെണ്‍കുട്ടിയുടെ അച്ഛനും അഭിഭാഷകനും വേണമെങ്കില്‍ പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്ക് സാക്ഷിയാകാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഭാവിയില്‍ വിദ്യാലയ ക്യാമ്പസുകളില്‍ ആത്മഹത്യ നടന്നാല്‍ സി.ബി.സി.ഐ.ഡി നേരിട്ട് കേസന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, കള്ളക്കുറിച്ചിയില്‍ നടന്നത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും ആക്രമണം ആസൂത്രിതമാണെന്നും നിരീക്ഷിച്ചു.

അതേസമയം, കള്ളക്കുറിച്ചിയിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 328 ആയി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. 500 പൊലീസ് കമാന്‍ഡോമാർ അടക്കം 1500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്ന്യസിച്ചിരിക്കുന്നത്. സംസ്ഥാന ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

കള്ളക്കുറിച്ചിയിലും പരിസര പ്രദേശങ്ങളിലും ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും ആത്മഹത്യാ കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരേയും അറസ്റ്റ് ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരമാണ് അക്രമാസക്തമായത്.

തമിഴ്‌നാടിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അക്രമവും കൊള്ളിവയ്പ്പുമാണ് കള്ളക്കുറിച്ചിയില്‍ നടന്നത്. പൊലീസ് ബസുകളടക്കം പതിനഞ്ച് ബസുകള്‍ അക്രമികള്‍ കത്തിച്ചു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി. സ്‌കൂള്‍ കെട്ടിടം തകര്‍ത്തു.

പാഠപുസ്തകങ്ങളും സ്‌കൂള്‍ രേഖകളും ഉപകരണങ്ങളും കൂട്ടിയിട്ട് തീയിട്ടു. ഇതിനിടെ ഓഫീസ് ഉപകരണങ്ങള്‍ ചിലര്‍ കൊള്ളയടിച്ചു. സംഘര്‍ഷത്തില്‍ നിരവധി സമരക്കാര്‍ക്കും ഡി.ഐ.ജി എം.പാണ്ഡ്യനടക്കം ഇരുപതിലേറെ പൊലീസുകാര്‍ക്കും പരിക്കേറ്റു. സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്.

0Shares