ശൈലജ ടീച്ചര്‍ വീണ്ടും ടീച്ചറായി; രാജ്യത്തെ ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് ക്ലാസ്സെടുത്ത് സംസ്ഥാന ആരോഗ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ശൈലജ ടീച്ചര്‍ വീണ്ടും ടീച്ചറായി; രാജ്യത്തെ ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് ക്ലാസ്സെടുത്ത് സംസ്ഥാന  ആരോഗ്യമന്ത്രി

രാജ്യത്തെ ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് ക്ലാസ്സെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്. മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.എ.എസ്. ലഭിച്ച് ജോലിയില്‍ പ്രവേശിച്ച 180 ഐ.എ.എസ്. ഓഫീസര്‍മാരാണ് ക്ലാസില്‍ പങ്കെടുത്തത്.

ഓണ്‍ ക്യാമ്പസ് ട്രെയിനിംഗ് പ്രോഗ്രാം ആയി നടത്തുന്ന പരിപാടി കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിച്ചത്. കോവിഡ് പ്രതിരോധത്തില്‍ സമൂഹപങ്കാളിത്തം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പവര്‍ പോയിന്റ് പ്രസന്റേഷനോടെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തത്. കോവിഡ് പ്രതിരോധത്തിന്‍റെ അനുഭവങ്ങള്‍ ഒന്നര മണിക്കൂര്‍ നീണ്ട ക്ലാസില്‍ പ്രതിഫലിച്ചു.

6 മാസത്തിലേറെയായി കേരളം കൊറോണ വൈറസിനെതിരായ തുടര്‍ച്ചയായ പോരാട്ടത്തില്‍ മുഴുകിയിരിക്കുകയാണ്. ഒന്നും രണ്ടും ഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞു. മൂന്നാം ഘട്ടത്തില്‍ കേസുകളുടെ എണ്ണം കൂടിയെങ്കിലും ഫലപ്രദമായി നേരിടുകയാണ് കേരളമെന്ന് മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസിന്‍റെ ആക്രമണശേഷി മുന്‍കൂട്ടികണ്ടുകൊണ്ട് സമര്‍ത്ഥമായ പ്രതിരോധ തന്ത്രം തീര്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞു.

കേരളത്തിന്‍റെ മുന്നൊരുക്കങ്ങളും വിപത്ത് മുന്‍കൂട്ടികണ്ടുകൊണ്ടുള്ള ആസൂത്രണവുമാണ് പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ കീഴ്ത്തട്ടു വരെ പരിശീലനങ്ങളും ബോധവത്ക്കരണവും നടത്തി ആരോഗ്യ പ്രവര്‍ത്തകരെയാകെ സജ്ജമാക്കാന്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമായി. വൈറസ് വ്യാപനത്തിന്‍റെ ഗ്രാഫ് താഴ്ത്തുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും കേരളത്തിന് സാധിച്ചത് അങ്ങനെയാണെന്ന് മന്ത്രി പറഞ്ഞു.

0Shares