
കൊച്ചി: പോക്‌സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറുമാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതിനൽകി. ആരോഗ്യനില പരിഗണിച്ച് ഗര്‍ഭഛിദ്രം അനുവദിക്കണം എന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിനെ പെണ്‍കുട്ടി ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷിക്കണം എന്നാണ് നിര്‍ദേശം. ജസ്റ്റിസ് വി.ജി അരുണിൻ്റെതാണ് നിര്‍ണായക ഉത്തരവ്.

ശിശുവിനെ പുറത്തെടുക്കുന്നതിനായി അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് നടപടി സ്വീകരിക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തീരുമാനം വൈകുന്നത് പെണ്‍കുട്ടിയുടെ കഠിനവേദന വര്‍ധിപ്പിക്കും എന്നാണ് കോടതി വിലയിരുത്തിയത്. പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മികച്ച ചികിത്സ നല്‍കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേസ് പത്തുദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കുന്നതിന് മാറ്റിവെച്ചു.
