
ന്യൂഡല്‍ഹി: നേപ്പാളിനെയും അയല്‍ മേഖലകളെയും പിടിച്ചു കുലുക്കി ബുധനാഴ്‌ച പുലര്‍ച്ചെ വന്‍ഭൂകമ്പത്തിൽ ഡല്‍ഹിയും കുലുങ്ങി. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആറുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാളിലെ ദോട്ടി ജില്ലയില്‍ വീട് തകര്‍ന്നാണ് ആറുപേരും മരിച്ചത്. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഉത്തരാഖണ്ഡിലെ പിഥോറഗഢില്‍ നിന്ന് 90 കിലോമീറ്റര്‍ തെക്കുകിഴക്ക് നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്താണ് പ്രഭവ കേന്ദ്രമെന്ന് ദേശീയ സീസ്മോളജി സെൻ്റെര്‍ പറഞ്ഞു.
ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ ചലനങ്ങളാണ് ഇതിൻ്റെ തുടര്‍ച്ചയായി അനുഭവപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന സമയമായിട്ടും ശക്തമായ പ്രകമ്പനത്തില്‍ ഞെട്ടിയുണര്‍ന്ന പലരും വീടുവിട്ട് പുറത്തിറങ്ങി.

24 മണിക്കൂറിനിടെ രണ്ടാം തവണയാണ് നേപ്പാളില്‍ ഭൂകമ്പമുണ്ടാകുന്നത്. ചൊവ്വാഴ്‌ച രാവിലെ 4.5 രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബര്‍ 19 ന് 5.1 രേഖപ്പെടുത്തിയ ഭൂചലനം നടന്ന ശേഷം തുടര്‍ച്ചയായ ചലനങ്ങള്‍ രാജ്യത്തെ ഭീതിയിൽ ആക്കിയിട്ടുണ്ട്.
2015ല്‍ 7.5 തീവ്രതയുള്ള വന്‍ ഭൂകമ്പം തലസ്ഥാന നഗരമായ കാഠ്മണ്ഡുവിനെയും പൊഖാര പട്ടണത്തെയും തകര്‍ത്തിരുന്നു. 10,000 ഓളം പേര്‍ മരിക്കുകയും അതിൻ്റെ ഇരട്ടിയിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഈ ഭുചലനം ഇന്ത്യന്‍ നഗരങ്ങളിലും അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലദേശ് എന്നിവിടങ്ങളിലും നാശ നഷ്ടങ്ങളുണ്ടാക്കി. ഒരു നൂറ്റാണ്ടിനിടെ 1934ലാണ് നേപ്പാളില്‍ ഏറ്റവും വലിയ ഭൂകമ്പമുണ്ടാകുന്നത്. കാഠ്മണ്ഡു, ഭക്ത്പൂര്‍, പട്ടാന്‍ നഗരങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.
