
വാർത്തകൾ വാട്‌സ് ആപ്പിൽ ലഭിക്കാൻ: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ വെളിവായത് ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥരും ഏജണ്ടുമാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങൾ. ആഴ്‌ചപ്പടി കൃത്യമായി എത്തിക്കുന്ന ഏജണ്ടുമാരുടെ പേര് മൊബൈലിൽ ഫോണിൽ സേവ് ചെയ്യുമ്പോൾ ബഹുമാന സൂചകമായി ആർ.ടി.ഒ പദവി അവരുടെ പേരിനൊപ്പം ചേർത്തതായി കണ്ടെത്തി.
വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ ഡി.വൈ.എസ്.പി വി.കെ വിശ്വഭരൻ നായരുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച നടത്തിയ പരിശോധനയിലാണ് വെബ് സീരിയൽ കഥകളെ വെല്ലുന്ന രീതിയിൽ അഴിമതികളുടെ തിരക്കഥ പൊളിച്ചച്ചത്.

കാസർകോട്ടെ ഏജണ്ടുമാരെ മാനന്തവാടി, മാഹി, തുടങ്ങിയ സ്ഥലത്തെ ഉദ്യോഗസ്ഥരാക്കുകയും മതം തന്നെ മാറ്റിയും മൊബൈൽ കോണ്ടാക്ടിൽ ഒളിപ്പിക്കുകയായിരുന്നു. ഇതോടെ ആഴ്‌ചാവസാനം അഴിമതി വിഹിതം കൃത്യമായി വാങ്ങുന്ന ചില മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ തട്ടിപ്പുകളുടെ ചുരുളഴിഞ്ഞു.
ഓഫീസ് സമയം അവസാനിക്കുന്നതിന് മുമ്പ് ഓഫിസിനകത്ത് അസ്വാഭാവികമായി തമ്പടിച്ച ഏജണ്ടുമാരിൽ നിന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകാൻ കൊണ്ട് വന്ന 34410/- രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.സുനുമോൻ, സബ് ഇൻസ്പെക്ടർ വി.എം മധുസൂദനൻ, അസി. സബ് ഇൻസ്പെക്ടർ വി.ടി സുഭാഷ് ചന്ദ്രൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.രാജീവൻ, കെ.വി ജയൻ, കെ വി സുധീഷ്, കെ.ബി ബിജു, പ്രമോദ് കുമാർ, ഷീബ, കൃഷ്ണൻ എന്നിവരും കാസർകോട് പ്ലാനിംഗ് ഓഫിസിലെ റിസേർച്ച് അസിസ്റ്റണ്ട് കെ.ജയചന്ദ്രൻ എന്നിവരും വിജിലൻസ് മിന്നൽ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
