
ദുബൈ: ഇസ്രായേല്‍- ഗസ്സ യുദ്ധത്തില്‍ നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ തുടര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാൻ ചര്‍ച്ചകളുമായി യു.എ.ഇ. ഇതിന്‍റെ ഭാഗമായി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്‌ദുല്ല ബിൻ സയിദ് ആല്‍ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി.
യു.കെ വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി, ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്‍റോണിയോ തജാനി, സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാന്വല്‍ അല്‍ബേര്‍സ് എന്നിവരുമായാണ് ലണ്ടനില്‍ കൂടിക്കാഴ്‌ച നടന്നത്. പ്രശ്നത്തില്‍ തുടര്‍ സംഭാഷണങ്ങള്‍ക്കും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും മന്ത്രിമാര്‍ ധാരണയിലെത്തി.

നേരത്തേ യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ വിവിധ രാഷ്ട്ര നേതാക്കളുമായി ഫോണ്‍ സംഭാഷണം നടത്തി പ്രശ്നപരിഹാരത്തിന് ആഹ്വാനം ചെയ്‌തിരുന്നു. ഈജിപ്ത് പ്രസിഡണ്ട് അബ്‌ദുല്‍ ഫത്താഹ് സീസീ, സിറിയൻ പ്രസിഡണ്ട് ബശ്ശാര്‍ അല്‍ അസദ്, ജോര്‍ഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇസ്രായേല്‍ പ്രസിഡണ്ട് ഐസാക് ഹെര്‍സോഗ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നീ രാഷ്ട്ര നേതാക്കളുമായാണ് അദ്ദേഹം ഫോണില്‍ സംസാരിച്ചത്.
എല്ലാ സിവിലിയന്മാരുടെയും സുരക്ഷ ഉറപ്പുവരുത്താനും നിലവിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും അന്തരീക്ഷം ശാന്തമാക്കാനുമുള്ള വഴികളാണ് ചര്‍ച്ചയില്‍ ഉയര്‍ത്തിയത്. സംഘര്‍ഷം അവസാനിപ്പിക്കാൻ അടിയന്തരമായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മേഖലയുടെ സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പാക്കാൻ സമഗ്രവും സമത്വപൂര്‍ണവുമായ നീതിക്കുവേണ്ടിയുള്ള ശ്രമമുണ്ടാകണമെന്നും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.
ഫലസ്തീന് സഹായം
ദുബൈ: ഫലസ്തീനിലെ ജനങ്ങള്‍ക്ക് രണ്ടുകോടി ഡോളര്‍ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാന്‍റെ നിര്‍ദേശം. ഫലസ്തീനില്‍ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആര്‍.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക. പ്രതിസന്ധി ഘട്ടങ്ങളില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് അടിയന്തര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് സഹായമ എത്തിക്കുന്നതെന്ന് യു.എ.ഇ വാര്‍ത്താ ഏജൻസി പ്രസ്‌താവനയില്‍ പറഞ്ഞു.
