
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ വോട്ടിങ് രീതിയില്‍ മാറ്റം. സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ പേരിനടുത്ത് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതി. ശശി തരൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് സമിതി വോട്ടിങ് രീതി മാറ്റിയത്.
സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ അക്കത്തില്‍ ഒന്ന് എന്നെഴുതിയാല്‍ മതിയെന്നായിരുന്നു ആദ്യ നിര്‍ദേശം. ഇതിനെതിരെ ശശി തരൂര്‍ രംഗത്തുവന്നിരുന്നു. ഒന്ന് എന്നെഴുതുന്നത് ബാലറ്റ് പേപ്പറില്‍ ആദ്യ പേരുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വോട്ട് ചെയ്യണം എന്നുള്ള ആഹ്വാനമായ് വ്യാഖ്യാനിക്കും എന്ന് തരൂര്‍ പരാതി ഉന്നയിച്ചിരുന്നു. തെരഞ്ഞെുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുമായി തരൂര്‍ ഈ വിഷയം ചര്‍ച്ച നടത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് വോട്ടിങ് രീതി മാറ്റിയത്. അതേസമയം, എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയെ കുറിച്ച് തരൂര്‍ ഉന്നയിച്ച പരാതിയില്‍ നടപടിയുണ്ടായില്ല.
9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 3267 പേരുടെ മേല്‍വിലാസമില്ലെന്ന് കാണിച്ചാണ് തരൂര്‍ പരാതി നല്‍കിയത്.
