നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസ്; വരന്‍റെ അച്ഛനായി അഭിനയിച്ച ആള്‍ കീഴടങ്ങി

  • Post category:entertainment
  • Reading time:1 min read
You are currently viewing നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസ്; വരന്‍റെ അച്ഛനായി അഭിനയിച്ച ആള്‍ കീഴടങ്ങി

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതികൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കര്‍ ആണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ദുബൈയില്‍ ഉള്ള വരന്‍ അന്‍വറിന്‍റെ അച്ഛനെന്ന വ്യാജേന നടിയുടെ വീട്ടിലെത്തിയത് അബൂബക്കര്‍ ആയിരുന്നു.

കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതികളില്‍ ഒരാളായ റഫീഖിന്‍റെ ബന്ധുവാണ് അബൂബക്കര്‍. ഇതോടെ കേസില്‍ പോലീസ് പിടിയിലായവരുടെ എണ്ണം ആറായി. കേസില്‍ മറ്റൊരു പ്രതിയും ഇന്ന് പോലീസിന്‍റെ പിടിയിലായി. കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശി അബദുള്‍ സലാമിനെയാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഷംന കാസിമിന്‍റെ വീട്ടില്‍ കല്യാണാലോചനയുമായി പോയ തട്ടിപ്പ് സംഘത്തില്‍ അബദുള്‍ സലാമും ഉള്‍പ്പെട്ടിരുന്നു. കേസില്‍ സലാമിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയില്‍ കീഴടങ്ങാനെത്തിയത്. അബദുള്‍ സലാമിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. കേസില്‍ നാല് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് നേരത്തെ പിടിയിലായത്.

മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം, വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നതാണ്. ഷംനാ കാസിമിന്‍റെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡല്‍ അടക്കമുള്ളവര്‍ പരാതിയുമായി വീണ്ടും രംഗത്തെത്തിയിരുന്നു. ഈ രണ്ട് കേസുകളിലുമായി പത്ത് പ്രതികളാണുള്ളതെന്നാണ് പോലീസിന്‍റെ പ്രാഥമികനിഗമനം.

0Shares