
പാലക്കാട്: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ മാരകമായി വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതി നവീന്‍, അഞ്ചാം പ്രതി സിദ്ധാര്‍ത്ഥ് എന്നിവർ അറസ്റ്റിൽ. മറ്റ് പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുകയാണെന്നും എസ്‍.പി പറഞ്ഞു. രാത്രി ഏറെ വൈകിയാണ് നവീനും സിദ്ധാര്‍ത്ഥനും പൊലീസ് പിടിയിലാക്കുന്നത്. നവീനെ പട്ടാമ്പിയില്‍ നിന്നും സിദ്ധാര്‍ത്ഥന പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്.
കൊല്ലപ്പെട്ട ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. വാട്‍സ്ആപ്പിലാണ് വധഭീഷണി ഉണ്ടായത്. ഓഗസ്റ്റ് 15ന് വധിക്കുമെന്നായിരുന്നു സന്ദേശമെന്നും സഹോദരൻ മുസ്തഫ പറഞ്ഞു. നവീൻ എന്നയാളാണ് ഷാജഹാനെ ഭീഷണി പെടുത്തിയതെന്നും ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായത് മുതൽ നവീനും സുഹൃത്തുകൾക്കും വിരോധം ഉണ്ടായിരുന്നുവെന്ന് സഹോദരി ഭർത്താവ് ഉമ്മർ പറഞ്ഞു. സി.പി.എമ്മുമായി അകന്ന നവീൻ അടക്കമുള്ളവർ മൂന്നുമാസമായി ബി.ജെ.പിക്കൊപ്പമാണ് പ്രവർത്തിക്കുന്നത്.

പാലക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കേസിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണ. 20 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആഗസ്റ്റ് 14 ഞായറാഴ്‌ച രാത്രി 9.30നാണ് കുന്നങ്കാട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. ഷാജഹാനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ വിരോധം മൂലമെന്നാണ് എഫ്.ഐ.ആർ. കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി അനുഭാവികളായ എട്ടുപേരാണുള്ളതെന്നും എഫ്ഐആറിൽ പറയുന്നു.
