
ലൈംഗിക തൊഴില്‍ നിയമവിധേയമാണെന്ന് സുപ്രീം കോടതി. ലൈംഗിക തൊഴിലാളികള്‍ക്കെതിരെ പോലീസ് ഇടപെടുകയോ ക്രിമിനല്‍ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗികത്തൊഴിലാളികള്‍ക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ സംരക്ഷണത്തിനും അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആറ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലൈംഗിക തൊഴിലാളികള്‍ക്ക് നിയമത്തിൻ്റെ തുല്യ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് ബെഞ്ച് പറഞ്ഞു. പ്രായത്തിൻ്റെ യും സമ്മതത്തിൻ്റെ യും അടിസ്ഥാനത്തില്‍ എല്ലാ കേസുകളിലും ക്രിമിനല്‍ നിയമം ഒരുപോലെ ബാധകമാകണം.

ലൈംഗിക തൊഴിലാളി പ്രായപൂര്‍ത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് തൊഴിലില്‍ പങ്കെടുക്കുന്നതെന്നും വ്യക്തമാകുമ്പോള്‍, ഇടപെടുന്നതില്‍ നിന്നോ ക്രിമിനല്‍ നടപടിയെടുക്കുന്നതില്‍ നിന്നോ പോലീസ് വിട്ടുനില്‍ക്കണം. തൊഴില്‍ എന്തുതന്നെയായാലും, ഈ രാജ്യത്തെ ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം മാന്യമായ ഒരു ജീവിതത്തിന് അവകാശമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ വേശ്യാലയങ്ങളിലെ റെയ്ഡുകളില്‍ ഇരയാക്കുകയോ ചെയ്യരുതെന്നും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ലൈംഗിക വ്യാപാരത്തില്‍ ഏര്‍പ്പെട്ടെന്നതിനാല്‍ ലൈംഗിക തൊഴിലാളിയുടെ കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പെടുത്താന്‍ പാടില്ല. മനുഷ്യ മര്യാദയുടെയും അന്തസ്സിൻ്റെ യും അടിസ്ഥാന സംരക്ഷണം ലൈംഗിക തൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലൈംഗിക തൊഴിലാളികളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി തിരുത്തല്‍/ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിപ്പിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റിസ് റാവു വ്യക്തമാക്കി. ഈ ശുപാര്‍ശകളോട് അടുത്ത വാദം കേള്‍ക്കുന്ന ജൂലൈ 27 ന് പ്രതികരണം അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
