ഗോ ഫസ്റ്റിന് സര്‍വിസ് അനുമതി; കണ്ണൂര്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമാകും

  • Post category:Gulf / news / trending
  • Reading time:2 mins read
You are currently viewing ഗോ ഫസ്റ്റിന് സര്‍വിസ് അനുമതി; കണ്ണൂര്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമാകും

മസ്‌കത്ത്: ഗോ ഫസ്റ്റിൻ്റെ സര്‍വിസുകള്‍ പുനരാരംഭിക്കാൻ സിവില്‍ ഏവിയേഷൻ അധികൃതര്‍ അനുവാദം നല്‍കി. കോടതി കേസുകള്‍ പരിഹരിക്കുകയും സര്‍വിസ് നടത്താനാവശ്യമായ ഫണ്ട് കണ്ടെത്തുകയും ചെയ്‌താല്‍ സേവനം ആരംഭിക്കാനാവും.

ഇതോടെ സാമ്പത്തിക പാപ്പരത്തം മൂലം നിര്‍ത്തിവെക്കുകയും പിന്നീട് സര്‍വിസ് ആരംഭിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയെന്ന പേരും ഗോ ഫസ്റ്റിന് ലഭിക്കും. 22 വിമാനങ്ങളുമായി സര്‍വിസ് നടത്താനാണ് അനുവാദം ചോദിച്ചതെങ്കിലും 15 എണ്ണത്തിനാണ് അനുമതി നല്‍കിയത്.

ദിവസേന 114 സര്‍വിസുകള്‍ നടത്താനാവും. എന്നാല്‍, സര്‍വിസ് നടത്താനാവശ്യമായ ഫണ്ട് കണ്ടെത്തലുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നുണ്ട്. സുരക്ഷ ഓഡിറ്റിങ് അടുത്തിടെ നടന്നിരുന്നു. ഇതിൻ്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍വിസ് പുനരാരംഭിക്കാൻ അധികൃതര്‍ അനുവാദം നല്‍കിയത്.

സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ മേയ് മൂന്ന് മുതലാണ് ഗോ ഫസ്റ്റ് സര്‍വിസ് നിര്‍ത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം അമേരിക്ക കേന്ദ്രമായ കമ്പനി എൻജിൻ സൈപ്ല നിര്‍ത്തിവെച്ചിരുന്നു. ഇത് കാരണം ഗോ എയറിൻ്റെ 54 വിമാനങ്ങളാണ് നിര്‍ത്തിയിട്ടത്.

ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വിസുകളാകും ആരംഭിക്കുക. സെപ്റ്റംബറോടെ രാജ്യാന്തര സര്‍വിസുകളും പുനരാരംഭിക്കും. ഗോ ഫസ്റ്റ് സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് ഒമാനിലെ കണ്ണൂര്‍ യാത്രക്കാര്‍ക്കാണ് ഏറെ അനുഗ്രഹമാവുക. കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്കാണ് ഗോ എയര്‍ ഏറ്റവും കൂടുതല്‍ സര്‍വിസ് നടത്തുന്നത്. മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്ക് ആഴ്‌ചക്ക് ഏഴു സര്‍വിസുകളാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ഏറെ അനുയോജ്യമായ സമയത്തായിരുന്നു ഇതിന്‍റെ സര്‍വിസ്. താരതമ്യേന കുറഞ്ഞ നിരക്കാണ് ഗോ ഫസ്റ്റ് ഈടാക്കിയിരുന്നത്. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച്‌ നിരക്ക് കുറഞ്ഞതിനാല്‍ ഒരു സമയത്ത് മധ്യകേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍വരെ കണ്ണൂരിനെ തിരഞ്ഞെടുത്തിരുന്നു.

എന്നാല്‍, കഴിഞ്ഞ മേയില്‍ സര്‍വിസ് നിര്‍ത്തിയതോടെ മസ്‌കത്തില്‍ നിന്നുള്ള കണ്ണൂര്‍ യാത്രക്കാരെ ഏറെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ യാത്രക്കാരും കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു. മംഗളൂരു, കുടക് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലെ നിരവധി യാത്രക്കാരും കണ്ണൂര്‍ വഴി യാത്ര ചെയ്‌തിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ആഴ്‌ചയില്‍ മൂന്നെണ്ണം മാത്രമാണുള്ളത്.

ഇത് ശനി, തിങ്കള്‍, ബുധൻ ദിവസങ്ങളിലായതിനാല്‍ വാരാന്ത്യത്തിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്ക് തീരെ പ്രയോജനം ചെയ്‌തിരുന്നില്ല. അതോടൊപ്പം എയര്‍ ഇന്ത്യ ഈടാക്കുന്ന ഉയര്‍ന്ന നിരക്കും യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതോടെ യാത്രക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കുകയായിരുന്നു. പലരും കോഴിക്കോട്, മംഗളൂരു, ബംഗളൂരു വിമാനത്താവളങ്ങള്‍ വഴിയാണ് മസ്‌കത്തില്‍ എത്തിയിരുന്നത്. ഇത് വൻ സമയനഷ്ടവും മറ്റ് പ്രയാസവും ഉണ്ടാക്കിയിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. സര്‍വിസുകള്‍ കുറയുന്നത് വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇവര്‍ സൂചിപ്പിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കണമെന്ന മുറവിളി ഉയരുന്നതിനിടയിലാണ് ഗോ ഫസ്റ്റിന് സര്‍വിസ് പുനഃസ്ഥാപിക്കാൻ അനുവാദം കിട്ടിയതായി വാര്‍ത്തകള്‍ വരുന്നത്.

0Shares