
ആലപ്പുഴ: ജില്ലയില്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു. ഡിസംബർ, ജനുവരി മാസങ്ങളിലായി മൂന്ന് വിദ്യാലയങ്ങളാണ് രോഗപ്പകർച്ച തടയാനായി ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം അടച്ചിടേണ്ടി വന്നത്. എടത്വ, തലവടി പഞ്ചായത്തിലെ രണ്ട് സ്‌കൂളുകളിലും, എഴുപുന്നയിലെ ഒരു സ്‌കൂളിലുമാണ് കൂടുതല്‍ കുട്ടികളില്‍ രോഗം പടർന്നത്.
രോഗ വ്യാപനം പിടിച്ചു കെട്ടുന്നതിനായി 21 ദിവസത്തെ അവധിയാണ് നല്‍കുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കാണുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിൻ്റെ വശങ്ങളിലാണ് വീക്കം ഉണ്ടാകുന്നത്.
ഇത് ചെവിക്ക് താഴെ മുഖത്തിൻ്റെ ഒരു വശത്തെയോ രണ്ടു വശത്തേയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെടും. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍.

വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളം ഇറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്‌മ, ക്ഷീണം, പേശി വേദന എന്നിവയുണ്ടാകും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ വായുവില്‍ കലർന്ന് രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്‌തുക്കൾ ഉപയോഗിക്കുന്നതിലും രോഗം മറ്റൊരാളിലേക്ക് പകരും. പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കില്‍ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി ഇവയ്ക്ക് അണുബാധയുണ്ടാകും.
അപകടകാരിയാണ്
മുണ്ടിനീര് കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കേള്‍വിത്തകരാറിനും ഭാവിയില്‍ പ്രത്യുത്പാദന തകരാറുകള്‍ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥയും ഉണ്ടാകാനിടയുണ്ട്.
പകരുന്നത് ഇങ്ങനെ
വായുവിലൂടെ പകരുന്ന രോഗമാണ് മുണ്ടിനീര്. വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറുദിവസം വരെയാണ് രോഗം പകരുന്നത്. എഴുപുന്നയിലെ സ്‌കൂളില്‍ രോഗം ബാധിച്ചത്: 21 കുട്ടികള്‍ക്കുംകുട്ടനാട്ടിലെ സ്‌കൂളില്‍ രോഗം ബാധിച്ചത് ആറ് കുട്ടികള്‍ക്കും രോഗം ബാധിച്ചു. രോഗം കൂടുതലും കുട്ടികളിലാണ് വ്യാപിക്കുന്നത്. ശ്രദ്ധ പുലർത്തണം.
ജില്ലാ മെഡിക്കല്‍ ഓഫീസ്, ആലപ്പുഴ
