
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഘം മറ്റു കൂട്ടികളെയും ലക്ഷ്യമിട്ടിരുന്നതായി സൂചന. അബിഗേൽ സാറയെ തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂർ മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികൾ കൂടുതലുള്ള സ്ഥലത്തെത്തുമ്പോൾ കാർ വേഗത കുറക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. പള്ളിക്കൽ മൂതല ഭാഗത്തെ ദൃശ്യങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.
അതേസമയം, അബിഗേൽ സാറയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. പ്രതികൾ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പ്രതികളെത്തിയ സ്ഥലങ്ങളെ കുറിച്ചും ചില സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. കൊല്ലം ജില്ലയിലെ തന്നെ കണ്ണനെല്ലൂർ കേസിൽ തയ്യാറാക്കിയ രേഖാചിത്രത്തിലെ പ്രതിക്ക് ഓയൂർ സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട് .
കുട്ടി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഒരു സ്ത്രീയാണ് അബിഗേലിനെ ആശ്രാമം മൈതാനത്ത് എത്തിച്ചത്.

തട്ടിക്കൊണ്ടു പോകുന്ന സമയത്ത് കാറിലും ഒരു സ്ത്രീയുണ്ടായിരുന്നതായി അബിഗേലിൻ്റെ സഹോദരൻ ജോനാഥനും പറഞ്ഞിരുന്നു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരേയും തിരിച്ചറിഞ്ഞിട്ടില്ല.
പേടിയാകുന്നുവെന്ന് കുട്ടി പറഞ്ഞതോടെ കൂടുതൽ ചോദ്യങ്ങൾ അവസാനിപ്പിച്ചിരുന്നു. കുഞ്ഞ് ആഘാതത്തിൽ പൂർണമായി മുക്തി നേടിയ ശേഷം കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാണ് ശ്രമം. ഡി.ഐ.ജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.
