
കൊച്ചി: രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെ വരവേല്‍ക്കാന്‍ ആര്‍.എസ്.എസ് സൈദ്ധാന്തികനും ഗാന്ധി വധകേസ് പ്രതിയുമായ വി.ഡി സവര്‍ക്കറുടെ ചിത്രത്തോടെ വലിയ കമാനം. ആലുവ മണ്ഡലത്തില്‍ നെടുമ്പാശേരി എയര്‍പോര്‍ട് ജംഗ്ഷന് സമീപം കോട്ടായിയില്‍ ദേശീയപാതയില്‍ കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബാനറിലാണ് സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ഒപ്പം സവര്‍ക്കറും സ്ഥാനം പിടിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ മഹാത്മാ ഗാന്ധിയുടെ ചിത്രം തൂക്കി സവര്‍ക്കറുടെ ചിത്രം മറച്ചു.

ജോഡോയാത്ര എത്തുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് സവര്‍ക്കര്‍ ചിത്രം ഗാന്ധി ചിത്രമിട്ട് മൂടിയത്. കോണ്‍ഗ്രസ് എം.എല്‍.എ അന്‍വര്‍ സാദത്തിൻ്റെ മണ്ഡലമായ ആലുവയില്‍ അദ്ദേഹത്തിൻ്റെ വീടിന് വിളിപ്പാടകലെയാണ് ഈ ബാനര്‍ സ്ഥാപിച്ചത്. അന്‍വര്‍ സാദത്തിൻ്റെ സ്വന്തം ബൂത്തിലാണ് ഈ സംഭവം. ചെങ്ങമനാട് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കപ്രശേരിയുടെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചത്.

സംഭവം വിവാദമായതോടെ ഐ.എന്‍.ടി.യു.സി പ്രാദേശിക നേതാവ് സുരേഷ് അത്താണിയും സംഘവും ഗാന്ധിജിയുടെ വേറെ ഫ്ളക്സ് ചിത്രം കൊണ്ടുവന്ന് സവര്‍ക്കറുടെ ചിത്രത്തിന് മുകളില്‍ തൂക്കി. അപ്പോഴും ഗാന്ധി വധക്കേസ് പ്രതിയായിരുന്ന സവര്‍ക്കറുടെ ചിത്രം ഗാന്ധി ചിത്രത്തിന് പിന്നിലുണ്ട്. അതു ബാനറില്‍ നിന്ന് വെട്ടി മാറ്റാത്തതും അണികൾക്കിടയിൽ വിവാദങ്ങൾക്ക് ഇടയാക്കി.
