
റിയാദ്: പരീക്ഷാ ഹാളുകളിൽ സ്ത്രീകളുടെ മുഖം മുഴുവൻ മറയ്ക്കുന്ന വസ്ത്രം (അബയ) നിരോധിച്ച് സൗദി അറേബ്യ. വിദ്യാഭ്യാസ മന്ത്രാലയത്തിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന സംവിധാനങ്ങളുടെയും ചുമതല വഹിക്കുന്ന സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തൽ കമ്മീഷൻ്റെതാണ് തീരുമാനം. പരീക്ഷാ ഹാളുകളിൽ വിദ്യാർത്ഥിനികൾക്ക് മുഖം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

പരീക്ഷാ ഹാളുകളിൽ വിദ്യാർത്ഥിനികൾ സ്‌കൂൾ യൂണിഫോം ധരിക്കണം. എന്നാൽ വസ്ത്രധാരണത്തിൽ പൊതുവെ മാന്യമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. രാജ്യത്ത് നിരവധി സ്ത്രീകൾ അബയ ധരിക്കുന്നത് തുടരുന്നുണ്ടെങ്കിലും, 2018ൽ അബയ ഇനി നിർബന്ധിച്ച് നടപ്പിലാക്കില്ലെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു.
എന്താണ് അബയ?
മധ്യകിഴക്കൻ മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയിൽ സ്ത്രീകൾ ധരിക്കുന്ന ഒരു പുറം വസ്ത്രമാണ് അബയ. കറുത്ത നിറത്തിലെ അയഞ്ഞ ശിരോവസ്ത്രം ശരീരം മുഴുവൻ മറയ്ക്കുന്നു. കൈയും തലയും കാലും ഉൾപ്പെടെ മറച്ചിരിക്കും. പരമ്പരാഗതമായി കറുത്ത നിറമാണെങ്കിലും ഇളംനീല, പിങ്ക് നിറങ്ങളിലുള്ള അബയ ധരിക്കുന്നവരുമുണ്ട്. ഇത് അറേബ്യാൻ നാടുകളിലെ കാലാവസ്ഥയെ പ്രധിരോധിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ വസ്ത്രം ചിലർ വിശ്വാസത്തിൻ്റെയും ആചാരത്തിൻ്റെയും ഭാഗമായി ഉപയോഗിച്ചു വരികയായിരുന്നുവെന്നും അഭിപ്രായമുണ്ട്.
