
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം. ഔദ്യോഗിക ബഹുമതികളോടെയാണ് രവിപുരം ശ്മാശനത്തില്‍ സച്ചിയുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ നടന്നത്. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സുരേഷ് കൃഷ്ണ എന്നിങ്ങനെ നിരവധി പേര്‍ സച്ചിക്ക് യാത്രമൊഴി നേര്‍ന്ന് എത്തി. കൊച്ചി ഹൈക്കോടതി ജങ്ഷനിലെ അഡ്വക്കേറ്റ് ചേമ്പറില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് രവിപുരത്ത് സംസ്‌ക്കാരച്ചടങ്ങുകള്‍ നടന്നത്.

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മുകേഷ്, ലാല്‍ തുടങ്ങി നിരവധി പേര്‍ സച്ചിയെ അവസാനമായി കാണാന്‍ അഡ്വക്കേറ്റ് ചേമ്പറിലെത്തിയിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷക ജോലി വിട്ടാണ് സച്ചി സിനിമയിലേക്ക് എത്തിയത്. ‘ചോക്ലേറ്റ്’ മുതല്‍ ഹിറ്റു ചിത്രങ്ങള്‍ സച്ചി-സേതു കൂട്ടുകെട്ടില്‍ ഉണ്ടായി.
2012ല്‍ മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ പുറത്തു വന്ന ‘റണ്‍ ബേബി റണ്‍’ രചിച്ചു സ്വതന്ത്ര രചയിതാവായ സച്ചി പിന്നീട് ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, ഷെര്‍ലക് ടോംസ്, ഡ്രൈവിംഗ് ലൈസെന്‍സ്, അയ്യപ്പനും കോശിയും എന്നിവ രചിച്ചു. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നിവയാണ് സച്ചി സംവിധാനം ചെയ്ത സിനിമകള്‍.
