
മലപ്പുറം: പകുതിവില തട്ടിപ്പിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ പ്രതി പട്ടികയിൽ. പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിൽ സി.എൻ രാമചന്ദ്രനെ പോലീസ് മൂന്നാം പ്രതിയാക്കി. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ അനന്തകുമാറാണ് പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി. നാഷണൽ എൻ.ജി.ഒ കോൺഫഡറേഷൻ ചെയർമാനാണ് ആനന്ദ കുമാർ. വലമ്പൂർ സ്വദേശി ഡാനിമോൻ്റെ പരാതിയിലാണ് കേസെടുത്തത്. മലപ്പുറം ജില്ലയില്‍ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം. കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് നടന്നു. പകുതിവില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് 2 കോടി സായി ഗ്രാമം ഗോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് മുന്നിലും അനന്തു ആവർത്തിച്ചു. രാഷ്ട്രീയക്കാർക്കും പണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കെല്ലാമെന്നത് വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിൻ്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്നത് വ്യക്തമായെന്ന് അന്വേഷണ സംഘം പറയുന്നു. സംഭവത്തിൽ കൂടുതൽ ഉന്നതർ അഴിയെണ്ണും എന്നാണ് വിവരം. സായി ട്രസ്റ്റ് ചെയർമാൻ അനന്തകുമാറാണ് തട്ടിപ്പിന് പിന്നിലെന്നും അറസ്റ്റിലായ അനന്തു വെറും ബിനാമി മാത്രമാണെന്നും പറയപ്പെടുന്നു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മുന്നിൽ നിന്നതോടെയാണ് തട്ടിപ്പാണെന്ന് അറിയാതെ സാധാരണക്കാർ പണം നൽകിയത്. തട്ടിപ്പിൽ ആയിരക്കണക്കിന് ആളുകൾ വഞ്ചിതരായിട്ടുണ്ട്.
