നെഹ്‌റുട്രോഫി ജലമേളയില്‍ കോടതികയറിയ തുഴവിവാദം; പന തുഴയില്ലെങ്കില്‍ വള്ളം കളിക്കേണ്ട, ജലമേളയുടെ മാര്‍ഗരേഖ പ്രകാരമാണ്‌ നിബന്ധനയെന്ന് വിശദീകരണം

You are currently viewing നെഹ്‌റുട്രോഫി ജലമേളയില്‍ കോടതികയറിയ തുഴവിവാദം; പന തുഴയില്ലെങ്കില്‍ വള്ളം കളിക്കേണ്ട, ജലമേളയുടെ മാര്‍ഗരേഖ പ്രകാരമാണ്‌ നിബന്ധനയെന്ന് വിശദീകരണം

ആലപ്പുഴ: നെഹ്‌റുട്രോഫി ജലോത്സവത്തിന്‌ ആറുനാള്‍ മാത്രം ശേഷിക്കെ മത്സരത്തിനുപയോഗിക്കേണ്ട തുഴയെ ചൊല്ലിയുള്ള തര്‍ക്കം കോടതിയിലേക്ക്‌. വിവിധ ബോട്ട്‌ ക്ലബ്ബുകളുടെ ആവശ്യത്തെ തുടര്‍ന്ന്‌ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പനകൊണ്ടുള്ള തുഴ നിര്‍ബന്ധമാക്കി അടുത്തിടെ നെഹ്‌റുട്രോഫി ബോട്ട്‌ റേസ്‌ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ആലപ്പുഴ ജില്ലാ കലക്‌ടര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ രണ്ടു ബോട്ട്‌ ക്ലബ്ബുകള്‍ ഹൈക്കോടതിയെ സമീപിച്ചു.

ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകളുപയോഗിച്ച്‌ ചില ക്ലബ്ബുകള്‍ പരിശീലനം നടത്തി വരുന്നതിനിടെയാണ്‌ പനയില്‍ നിര്‍മ്മിച്ച തുഴതന്നെ വേണമെന്ന ഉത്തരവുണ്ടായത്‌. ഈ സാഹചര്യത്തില്‍ ചമ്പക്കുളം ചുണ്ടനില്‍ തുഴയുന്ന പോലീസ്‌ ബോട്ട്‌ ക്ലബ്ബും വെള്ളംകുളങ്ങര ചുണ്ടനില്‍ തുഴയുന്ന തെക്കേക്കര ക്ലബ്ബുമാണ്‌ കോടതിയെ സമീപിച്ചത്‌. വള്ളംകളിക്ക് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ പനകൊണ്ടുള്ള ഇത്രയും തുഴകള്‍ ലഭ്യമാകില്ലെന്നും ഇപ്പോഴത്തെ നടപടി പിന്‍വലിക്കണമെന്നുമാണ്‌ ഇവരുടെ ആവശ്യം.

എന്നാല്‍ നെഹ്‌റു ട്രോഫി ജലമേളയുടെ മാര്‍ഗരേഖ പ്രകാരമാണ്‌ പന കൊണ്ടുള്ള തുഴ നിര്‍ബന്ധമാക്കിയത് എന്നാണ്‌ എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോട്ട്‌ ക്ലബ്ബ്‌ പ്രതിനിധികളുടെ യോഗത്തിലും ഇതേച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ജലോത്സവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായെ മുഖ്യാതിഥിയായി സര്‍ക്കാര്‍ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ്‌ തുഴവിവാദവും ശക്‌തമാകുന്നത്‌.

0Shares