തിയറ്ററുകള്‍ നിറഞ്ഞ് റോഷാക്ക് യു.കെയില്‍ മൂന്നാം വാരം; മലയാള സിനിമയ്ക്ക് ഇത് അപൂര്‍വ്വ നേട്ടം

You are currently viewing തിയറ്ററുകള്‍ നിറഞ്ഞ് റോഷാക്ക് യു.കെയില്‍ മൂന്നാം വാരം; മലയാള സിനിമയ്ക്ക് ഇത് അപൂര്‍വ്വ നേട്ടം

മലയാള സിനിമയിലെ വേറിട്ട അനുഭവമായിരുന്നു മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക്. തുടക്കം മുതല്‍ സൃഷ്ടിച്ച സസ്‌പെണ്ട് സിനിമയുടെ ക്ലൈമാക്‌സ് വരെ കാത്തുസൂക്ഷിക്കാന്‍ പറ്റിയെന്നത് അണിയറക്കാരുടെ വിജയമായിരുന്നു. മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരം കഥാപാത്രമായിരുന്നു ചിത്രത്തിലെ നായകനായ ലൂക്ക് ആൻ്റെണി.

ഇന്ത്യയിലും വിദേശത്തുമുള്ള റിലീസ് സെൻ്റെറുകളിലെല്ലാം ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രം നേടുന്ന പ്രിയം തുടരുകയാണ്. യു.കെയില്‍ റിലീസ് ചെയ്തപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ തിയറ്ററുകള്‍ കൂടുതലാണ് മൂന്നാംവാരം ചിത്രത്തിന്.

ഇന്ത്യയിലും സൌദി ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിലും അടക്കം ഒക്ടോബര്‍ ഏഴിന്‌ ആണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ മറ്റു പല വിദേശ മാര്‍ക്കറ്റുകളിലും ഒരാഴ്‌ചയ്ക്ക് ഇപ്പുറത്താണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്.

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ ഇടങ്ങളില്‍ ഒക്ടോബര്‍ 13ന് ചിത്രം എത്തിയെങ്കില്‍ യു.കെയിലും അയര്‍ലന്‍ഡിലും ഒക്കെ 14ന് ആയിരുന്നു റിലീസ്. യു.കെ, അയര്‍ലന്‍ഡ് സ്‌ക്രീന്‍ കൌണ്ട് ആണ് ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

റിലീസ് ചെയ്യുമ്പോള്‍ യു.കെയില്‍ 26, അയര്‍ലന്‍ഡില്‍ 5 എന്നിങ്ങനെ ആയിരുന്നു സ്‌ക്രീന്‍ കൌണ്ട് എങ്കില്‍ ഇപ്പോള്‍ അത് യഥാക്രമം 38, 6 എന്ന് വര്‍ധിച്ചിട്ടുണ്ട്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച്‌ വിദേശ മാര്‍ക്കറ്റുകളില്‍ റിലീസിൻ്റെ മൂന്നാം വാരം സ്‌ക്രീന്‍ കൌണ്ട് വര്‍ധിക്കുന്നു എന്നത് അപൂര്‍വ്വതയാണ്.

യു.കെ പൗരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ആളാണ് റോഷാക്കില്‍ മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണി. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. കെട്ട്യോളാണെൻ്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ആര്‍.എഫ്.ടി എൻ്റെര്‍ടെയ്ന്‍മെണ്ട് ആണ് ചിത്രം യു.കെ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളില്‍ എത്തിച്ചത്.

0Shares