പാക്കിസ്ഥാനിൽ ശക്തമായ ഭൂചലന സാധ്യത പ്രവചിച്ച്‌ ഗവേഷകര്‍; രണ്ട് പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകളുടെ അതിര്‍ത്തി രേഖയ്‌ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഭൂകമ്പം ഉണ്ടാകാമെന്നും അത് പ്രവചിക്കാൻ കഴിയില്ലെന്നും റിപ്പോര്‍ട്ട്

You are currently viewing പാക്കിസ്ഥാനിൽ ശക്തമായ ഭൂചലന സാധ്യത പ്രവചിച്ച്‌ ഗവേഷകര്‍; രണ്ട് പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകളുടെ അതിര്‍ത്തി രേഖയ്‌ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഭൂകമ്പം ഉണ്ടാകാമെന്നും അത് പ്രവചിക്കാൻ കഴിയില്ലെന്നും റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വരും ദിവസങ്ങളില്‍ ശക്തമായ ഭൂചലനങ്ങള്‍ക്ക് സാധ്യത പ്രവചിച്ച്‌ നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം. സാമൂഹിക മാധ്യമമായ എക്‌സ് വഴിയാണ് ഭൂകമ്പ സാധ്യതയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്‌ വിട്ടത്. സോളാര്‍ സിസ്റ്റം ജ്യോമെട്രി സര്‍വേ പ്രകാരം പാക്കിസ്ഥാന്‍റെ പല ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ അന്തരീക്ഷ ഏറ്റക്കുറച്ചിലുകള്‍ കാണപ്പെട്ടുവെന്നും അത് വരാനിരിക്കുന്ന ശക്തമായ ഭൂചലനത്തിന്‍റെ സൂചനകളാകാമെന്നുമാണ് ഗവേഷകരുടെ നിഗമനം.

പ്രവചങ്ങള്‍ പലരിലും ആശങ്ക സൃഷ്ടിക്കുമെങ്കിലും ഭൂകമ്പ പ്രവചനത്തെ കുറിച്ച്‌ ഒരു നിഗമനത്തില്‍ എത്തുംവരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് ഡച്ച്‌ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ് നിര്‍ദേശം നല്‍കി. മുമ്പ് നടത്തിയ പഠനങ്ങളില്‍ കഴിഞ്ഞ സെപ്തംബര്‍ 30ന് പാക്കിസ്ഥാന്‍റെയും സമീപ പ്രദേശങ്ങളുടെയും ഭാഗങ്ങളില്‍ ശക്തമായ രീതിയില്‍ അന്തരീക്ഷ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളില്‍ പ്രവചനം നടത്താൻ ഇത്തരം പഠനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഗ്രഹങ്ങളുടെ വിന്യാസം അടിസ്ഥാനമാക്കി നടത്തുന്ന ഹൂഗര്‍ബീറ്റ്സ് സാങ്കേതിക വിദ്യയാണ് ഇത്തരത്തിലുള്ള പഠനങ്ങള്‍ നടത്താൻ ഗവേഷകരെ പ്രാപ്‌തരാക്കുന്നത്.

ഇപ്പോള്‍ വന്നിരിക്കുന്ന പഠന റിപ്പോര്‍ട്ട് ശക്തമായ ഭൂചലനത്തിൻ്റെ സൂചകമായിരിക്കാമെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സംഭവിക്കുമെന്ന് ഉറപ്പിച്ച്‌ പറയാൻ കഴിയില്ലെന്നും ഒരു നിഗമനത്തിലെത്തും വരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങള്‍ കൂടുതല്‍ നിര്‍ണായകമാണെന്നും വൈകാതെ സ്ഥിരീകരണങ്ങള്‍ ലഭിക്കുമെന്നും ആശങ്കപ്പെടുത്തുന്ന കിംവദന്തികള്‍ക്കും പ്രസ്‌താവനകള്‍ക്കും ഇതില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു “ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുമ്പോള്‍, ചിലയാളുകള്‍ “വലിയ ഭൂകമ്പമുണ്ടാകുമെന്ന്” പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. കൂടാതെ സംഭവത്തില്‍ പ്രതികരണവുമായി നാഷണല്‍ സുനാമി സെന്‍റര്‍ കറാച്ചിയിലെ ഡയറക്ടര്‍ അമീര്‍ ഹൈദര്‍ ലഘരി രംഗത്ത് വന്നു.

ഇപ്പോള്‍ പ്രവചിച്ച ഭൂകമ്പത്തിന്‍റെ സമയവും സ്ഥലവും പ്രവചിക്കാൻ കഴിയില്ലെന്നും പാക്കിസ്ഥാനിലൂടെ കടന്നുപോകുന്ന രണ്ട് പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകളുടെ അതിര്‍ത്തി രേഖയ്‌ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഭൂകമ്പം ഉണ്ടാകാമെന്നും അത് പ്രവചിക്കാൻ കഴിയില്ലെന്നും നിലവില്‍ ഇത്തരം ആശങ്കക്ക് സാധുതയില്ലെന്നും ലഘരി പറഞ്ഞതായി ദി എക്‌സ്‌പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്‌തു.

0Shares