
ദില്ലി: ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ ഛത്തീസ്ഗഢ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ചര്‍ച്ചയ്ക്കിടെ അര്‍ണബ് രാജ്യത്തിലെ ഐക്യത്തിൻ്റെ അന്തരീക്ഷത്തെ ബാധിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്.
ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിങ്ദിയോ കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് റായ്പുര്‍ സിവില്‍ ലൈന്‍സ് പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 153എ, 25എ 502(2) എന്നീ വകുപ്പുകള്‍ ചേർത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം. പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയഗാന്ധിക്കെതിരെ അർണാബ് പരാമര്‍ശനമുന്നയിച്ചിരുന്നു. വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു. ഇത് കോണ്‍ഗ്രസിനെയും സോണിയഗന്ധിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഈ സംഭവത്തിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി അര്‍ണാബ് ഗോസ്വാമി രംഗത്ത് വന്നു. ഭാര്യക്കും തനിക്കും നേരെ ആക്രമണം ഉണ്ടായി എന്നാണ് അർണാബ് പറയുന്നത്. സ്റ്റുഡിയോയില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നടന്നത്. അക്രമികളായ രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. ഇരുവരും കോണ്‍ഗ്രസ് പ്രവർത്തകരാണെന്നും അർണാബ് പറഞ്ഞു. തന്നെ ആക്രമിക്കുന്നത് സോണിയ ഗാന്ധിയുടെ അറിവോടെയാണെന്നും തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദി സോണിയ കുടുംബത്തിനാണെന്നും റിപ്പബ്ലിക് ടി.വി പുറത്തുവിട്ട അർണാബിൻ്റെ വീഡിയോയിൽ പറയുന്നുണ്ട്. അർണാബിനെയും റിപ്പബ്ലിക് ടി.വിയെയും ബിജെപി കേന്ദ്രങ്ങള്‍ സംരക്ഷിക്കുകയാണ് ബി.ജെ.പിയുടെ വാലാട്ടിയായി അർണാബ് മാറിയതായും കോൺഗ്രസ്സ് ആരോപിച്ചു.
