
പത്തനംതിട്ട: സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചതായി റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. കക്കി, ഷോളയാര്‍, മാട്ടുപ്പെട്ടി, കുന്ദള, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേര്‍ട് പ്രഖ്യാപിച്ചത്. ഇറിഗേഷന്‍ വകുപ്പിൻ്റെ അഞ്ച് ഡാമുകളിലും വൈദ്യുതി വകുപ്പിൻ്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേര്‍ടും പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം, കക്കി-ആനത്തോട് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ തിങ്കളാഴ്ച പതിനൊന്ന് മണിയോടെ തന്നെ തുറന്നു. ഡാമിൻ്റെ രണ്ട് ഷട്ടറുകൾ ആദ്യഘട്ടമെന്ന നിലയില്‍ രണ്ട് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.
ശബരിമല തീര്‍ഥാടനം ഈ ഘട്ടത്തില്‍ സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ അന്യ സംസ്ഥാനത്ത് നിന്നും വന്നത് ഉള്‍പെടെ 300 ഓളം തീര്‍ഥാടകര്‍ നിലയ്ക്കലില്‍ എത്തിയിട്ടുണ്ട്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. മഴ കുറയുന്നതിന് അനുസരിച്ചാവും തീര്‍ഥാടകരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുക. സോഷ്യല്‍ മീഡിയ വഴി തെറ്റായതും ഭീതിപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ നല്‍കരുതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇടുക്കി, ഇടമലയാര്‍ ഡാമുകളിലെ വെള്ളം ഒരുമിച്ച് പെരിയാറിലേക്ക് ഒഴുകാതിരിക്കാനുള്ള നടപടികൾ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പുഴയിലെ വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള തടസങ്ങള്‍ നീക്കണമെന്ന് ഇറിഗേഷന്‍ വകുപ്പിനോട് മന്ത്രി നിര്‍ദ്ദേശിച്ചു. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ നടപ്പാക്കാനാണ് നിർദേശം. ഇതിനായി ഫിഷറീസ് വകുപ്പ് വിവിധ മത്സ്യ തൊഴിലാളി സംഘടനകള്‍ എന്നിവയുടെ സഹകരണം കൂടി ഉറപ്പുവരുത്തണമെന്നും ആലുവയിൽ ചേർന്ന യോഗത്തിൽ മന്ത്രി നിർദേശിച്ചു.
