ഉംറ തീര്‍ഥാടകരുടെ യാത്രാസൗകര്യം; മറ്റ് രാജ്യങ്ങളിൽ നിന്നും നിന്ന് 8800 ഡ്രൈവര്‍മാരെയും സാങ്കേതിക വിദഗ്‌ധരെയും റിക്രൂട്ട് ചെയ്യുന്നു

  • Post category:Gulf / news / trending
  • Reading time:1 min read
You are currently viewing ഉംറ തീര്‍ഥാടകരുടെ യാത്രാസൗകര്യം; മറ്റ് രാജ്യങ്ങളിൽ നിന്നും നിന്ന് 8800 ഡ്രൈവര്‍മാരെയും സാങ്കേതിക വിദഗ്‌ധരെയും റിക്രൂട്ട് ചെയ്യുന്നു

ജിദ്ദ: റമദാനില്‍ ഉംറ തീർഥാടകരുടെ യാത്രാനടപടികള്‍ എളുപ്പമാക്കാൻ സീസണല്‍ ജോലികള്‍ക്കായി 8800ലധികം ഡ്രൈവർമാരെയും സാങ്കേതിക വിദഗ്‌ധരെയും സൗദി അറേബ്യ റിക്രൂട്ട് ചെയ്യുന്നു. ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഓടിക്കാനുള്ള ഡ്രൈവർമാരെയും ഗതാഗത രംഗത്ത് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്തയാഴ്‌ച മുതല്‍ ആരംഭിക്കുമെന്ന് മക്കയിലെ ജനറല്‍ ഓട്ടോമൊബൈല്‍ സിൻഡിക്കേറ്റിലെ കോർപറേറ്റ് കാര്യ വകുപ്പ് ഡയറക്ടർ അബ്ദുല്ല അല്‍ മിഹ്‌മാദി പറഞ്ഞു.

ഈ വർഷം റമദാനില്‍ തീർഥാടകരെ എത്തിക്കുന്നതിനുള്ള സേവനത്തിനാണ് ഇത്രയും ആളുകളെ വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യുന്നത്. അതിനുശേഷം ഹജ്ജ് സീസണിലെ ജോലികള്‍ക്കായി സീസണല്‍ തൊഴിലാളികളുടെ തയാറെടുപ്പും റിക്രൂട്ട്മെണ്ടും ആരംഭിക്കും.

ഇത്തവണ ഹജ്ജ് സീസണിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഏകദേശം 28,000 പേരെയാണ്. തീർഥാടകർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ വേണ്ടി എല്ലാവശങ്ങളും കർശന പരിശോധനക്ക് വിധേയമാക്കി നിരവധി ഘട്ടങ്ങളിലൂടെയാണ് ജോലിക്കാരുടെ റിക്രൂട്ട്മെണ്ട് പൂർത്തിയാക്കുക.

ഉയർന്ന നിലവാരം ഉറപ്പാക്കും. ഇതിനായി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിച്ച്‌ മാത്രമേ തൊഴിലാളികളെ തെരഞ്ഞെടുക്കുകയുള്ളൂ. ജനറല്‍ ഓട്ടോമൊബൈല്‍ സിൻഡിക്കേറ്റ് ഉദ്യോഗസ്ഥർക്ക് പുറമെ റിക്രൂട്ട്മെണ്ട് നടക്കുന്ന വിദേശ രാജ്യങ്ങളിലെ ലേബർ സെലക്ഷൻ, ടെസ്റ്റിങ് കമ്മിറ്റികളും ഈ റിക്രൂട്ട്മെണ്ട് പ്രക്രിയയില്‍ പങ്കെടുക്കുമെന്നും അല്‍ മിഹ്‌മാദി പറഞ്ഞു.

ഗതാഗത സംവിധാനങ്ങളും ഗതാഗത സ്ഥാപനങ്ങളും തമ്മില്‍ സംയോജിത ഇലക്‌ട്രോണിക് സംവിധാനം വഴി ബന്ധിപ്പിച്ചിരിക്കും. ഹജ്ജ്, ഉംറ തീർഥാടകരുടെയും ഹറമിലേക്ക് പ്രാർഥനക്ക് എത്തുന്നവരുടെയും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായതും കൃത്യവുമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തും. ഈ വർഷത്തെ സീസണല്‍ തൊഴിലാളികളുടെ വരവ് അടുത്ത മാസം (ശഅബാൻ) അഞ്ചാം തീയതി മുതല്‍ ആരംഭിക്കും.

യാത്രക്ക് ആവശ്യമായ എണ്ണം ബസുകള്‍ തയാറാക്കിയിട്ടുണ്ട്. റമദാനില്‍ മക്കയിലുടനീളം ഹോട്ടലുകളില്‍ നിന്നും തീർഥാടകരെ ഹറമിലേക്ക് എത്തിക്കുന്നതിനുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിനും ബസുകളുണ്ടാകും. ടിക്കറ്റ് നിരക്ക് ഗതാഗത കമ്പനികളും ഹോട്ടലുകളും തമ്മിലുള്ള കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. ഹറമിലേക്കും തിരിച്ചുള്ള പൊതുഗതാഗത ബസുകളുടെ നിരക്കുകള്‍ ആകർഷമായ നിരക്കിലായിരിക്കും.

ബസുകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളുടെ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിൻ്റെ ആവശ്യകതകളും അല്‍ മിഹ്‌മാദി ഊന്നിപ്പറഞ്ഞു.

0Shares