
മുംബൈ: വസ്ത്രമില്ലാത്ത ഫോട്ടോ ഷൂട്ട് നടത്തി സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങിനെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമത്തില്‍ കഴിഞ്ഞദിവസം താരം പങ്കുവച്ച സ്വന്തം ന്യൂഡ് ഫോട്ടോ ഷൂട്ടിന് എതിരെയുള്ള പരാതിയില്‍ ചെമ്പൂര്‍ പൊലീസാണ് കേസെടുത്തത്.
ഒരു എന്‍.ജി.ഒ ഭാരവാഹിയാണ് രണ്‍വീറിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. സ്ത്രീകളുടെ വികാരത്തെ രണ്‍വീര്‍ വ്രണപ്പെടുത്തിയെന്നും ഉടുപ്പില്ലാത്ത സ്വന്തം ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയില്‍ ആരോപിച്ചു.

ഐ.ടി ആക്‌ട്, ഐ.പി.സി നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി താരത്തിനെതിരെ കേസെടുക്കണം എന്നായിരുന്നു ആവശ്യം.
പേയർ മാഗസിന് വേണ്ടിയുള്ള രണ്‍വീറിൻ്റെ ന്യൂഡ് ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ചയായിരുന്നു. എന്നാല്‍ രണ്‍വീറിൻ്റെത് അസാധാരണ ധൈര്യമുള്ളവര്‍ മാത്രം എടുക്കുന്ന തീരുമാനമാണെന്ന് അഭിനന്ദിച്ച് പ്രമുഖരുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ സഭ്യമല്ലെന്ന വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നു.
നഗ്ന ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ രണ്‍വീര്‍ സിങ്ങിനായി വസ്ത്ര ശേഖരണം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ‘നേകി കി ദീവാര്‍’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ആളുകള്‍ ഇതിനായി പ്രത്യേക പെട്ടി സ്ഥാപിച്ചത്.

ഇതിൻ്റെ വിഡിയോ ഇൻ്റെര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരുവിലെ മേശപ്പുറത്ത് വെച്ചിരിക്കുന്ന പെട്ടിയില്‍
ആളുകള്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നതാണ് വിഡിയോ. ഫോട്ടോഷൂട്ടില്‍ നിന്നുള്ള രണ്‍വീറിൻ്റെ ചിത്രവും ഇതിനായി സ്ഥാപിച്ച പെട്ടിക്ക് പുറത്ത് ഒട്ടിച്ചിട്ടുണ്ട്. ഇതില്‍ ”രാജ്യത്ത് നിന്ന് മാനസിക മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇന്‍ഡോര്‍ തീരുമാനിച്ചു” എന്നും കുറിച്ചിട്ടുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഇതിൻ്റെ വിഡിയോ മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
