
മുംബൈ: സിനിമാ നടൻമാർ, നടിമാർ, മറ്റു ബിസിനസ്സ് കോടീശ്വരന്മാരുടെ വീടിനെ കുറിച്ചും അതിനകത്തെ സൗകര്യങ്ങളെ കുറിച്ചുമൊക്കെ അറിയാന്‍ സാധാരണക്കാര്‍ക്ക് ഏറെ ആകാംക്ഷയാണ്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇന്ത്യയിലെ ശതകോടീശ്വരനും ആകാശ് എയര്‍ എന്ന വിമാനകമ്പനി ഉടമയുമായ രാകേഷ് ജുന്‍ജുന്‍വാലയുടെ വീട്ടുവിശേഷങ്ങളാണ് നവ മാധ്യമങ്ങളിൽ നിറഞ്ഞു നില്‍ക്കുന്നത്.
ജുന്‍ജുന്‍വാലയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറാനൊരുങ്ങുന്നു എന്നതാണ് വിഷയം. മുംബൈ നഗരത്തിൻ്റെ ഹൃദയഭാഗത്ത് 14 നിലകളിലായിട്ടാണ് പുതിയ ആഡംബര വീട് ഉയരുന്നത്. ബിജി ഖേര്‍ മാര്‍ഗിലെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലമാണ് വീട് വയ്‌ക്കാനായി രാകേഷ് കണ്ടെത്തിയിരിക്കുന്നത്. പതിന്നാല് ഫ്ലാറ്റുകള്‍ നിലനിന്നിരുന്ന സ്ഥലം 371 കോടി രൂപയ്‌ക്കാണ് രാകേഷും ഭാര്യ രേഖയും സ്വന്തമാക്കിയത്.

രണ്ട് സ്വകാര്യ ബാങ്കുകളായിരുന്നു സ്ഥലത്തിൻ്റെ ഉടമസ്ഥര്‍. 2013ല്‍ ഏഴു ഫ്ലാറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ നിന്ന് 176 കോടി രൂപയ്‌ക്കാണ് വാങ്ങിയത്. 2017ല്‍ 195 കോടിക്ക് എച്ച്‌എസ്ബിസിയില്‍ നിന്ന് ബാക്കിയുള്ള അപ്പാര്‍ട്ട്‌മെന്റുകളും വാങ്ങുകയായിരുന്നു. ഈ ഫ്ലാറ്റുകളെല്ലാം പൊളിച്ചാണ് ഇപ്പോള്‍ തല്‍സ്ഥാനത്ത് ആഡംബര കെട്ടിടം പണിയുന്നത്. നിരവധി നിലകളുള്ള കെട്ടിടമാണ്.
2700 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള പ്ലോട്ടില്‍ 57 മീറ്റര്‍ ഉയരത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. റിപ്പോര്‍ട്ടുകളുസരിച്ച് കെട്ടിടത്തിൻ്റെ പന്ത്രണ്ടാം നിലയാണ് മാസ്റ്റര്‍ ഫ്ലോറായി കണക്കാക്കുന്നത്. ഇവിടെയാകും ജുന്‍ജുന്‍വാലയും ഭാര്യയും സകലവിധ സുഖസൗകര്യങ്ങളോടെയും അന്തിയുറങ്ങുക. കിടപ്പുമുറിയും ഡ്രസിംഗ് റൂമും, ബ്യൂട്ടിപാര്‍ലര്‍, അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബാത്ത്‌റൂമും, സ്വീകരണ മുറിയുമൊക്കെയുണ്ടാകും.
പതിനൊന്നാം നില മക്കള്‍ക്കായി നല്‍കിയിരിക്കുകയാണ്. മൂന്നു മക്കളാണുള്ളത്. ഓരോരുത്തര്‍ക്കും ഓരോ റൂമുകള്‍ വീതം മാറ്റി വച്ചിട്ടുണ്ട്. നാലാം നില പൂര്‍ണമായും അതിഥികള്‍ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. വലിയൊരു സ്വീകരണ മുറിയാണ് ഈ നിലയിലെ ഹൈലൈറ്റ്. എല്‍ ആകൃതിയിലുള്ള അടുക്കള വീട്ടിലെ മറ്റൊരു പ്രത്യേകതയാണ്.

ഒന്നും രണ്ടും മൂന്നും നിലകളില്‍ ചെറുതല്ലാത്ത ഒന്നിലധികം മുറികളും ബാത്ത് റൂമുകളും നല്‍കിയിട്ടുണ്ട്. വീട്ടുപണിക്കാര്‍ക്കും സഹായികള്‍ക്കുമായുള്ളതാണ് ആ മുറികള്‍. ഗ്രൗണ്ട് ഫ്ലോറില്‍ മൂന്ന് നിലകളുള്ള ലോബിയും ഫുട്‌ബോള്‍ കോര്‍ട്ടും ഒരു റെസ്റ്റോറന്റുമുണ്ടാകും. ഒരു നില പൂര്‍ണമായും സ്റ്റോറേജ് ആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.
ഇതിനൊക്കെ പുറമേ ബാങ്ക്വറ്റ് ഹാള്‍, നീന്തല്‍ക്കുളം, ജിം, ഹോം തീയേറ്റര്‍ എന്നിവയെല്ലാമുണ്ടാകും. വീടിന് പുറത്ത് മനോഹരമായ ഉദ്യാനവും പിസ കൗണ്ടറും പച്ചക്കറിത്തോട്ടവും എല്ലാമൊരുക്കുകയാണ്. ഏറ്റവും താഴത്തെ നിലയിലായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏഴ് പാര്‍ക്കിംഗ് സ്ലോട്ടുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. വീടിൻ്റെ സുരക്ഷയടക്കമുള്ള കൂടുതൽ വിശേഷങ്ങൾ രഹസ്യമായി തന്നെ തുടരുന്നു.
