
സിനിമാ നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. വധു ദീപ്‌തി കാരാട്ട്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടർമാരില്‍ ഒരാളായിരുന്നു ദീപ്‌തി. പ്രണയ വിവാഹമാണ് ഇവരുടേത്.
‘വിവാഹവുമായി വ്യക്തിപരമായി പ്രതികരിക്കുന്നില്ല’- രാജേഷ് മാധവൻ ചാനൽ ആർ.ബിയോട് പറഞ്ഞു. എന്നാൽ, ദീപ്‌തിയുമായുള്ള വിവാഹം വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും 2024 ഡിസംബർ മാസത്തോടെ ഉണ്ടായേക്കുമെന്ന സൂചനയും നൽകുന്നുണ്ട്.
‘അങ്ങനെ അതുറപ്പിച്ചു’ എന്ന അടിക്കുറിപ്പോടെ ആണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിലെ രാജേഷ് മാധവൻ അവതരിപ്പിച്ച സുരേശേട്ടന്‍റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായരും ഇരുവർക്കും ആശംസകളുമായി എത്തി.

കാസർകോട്, കൊളത്തൂർ സ്വദേശിയാണ് രാജേഷ് മാധവൻ. സജിൻ ബാബുവിന്‍റെ ‘അസ്‌തമയം’ വരെ എന്ന ചിത്രത്തില്‍ പ്രൊഡക്‌ഷൻ കണ്‍ട്രോളർ ആയിട്ടാണ് രാജേഷിന്‍റെ തുടക്കം. തിരക്കഥ എഴുത്തില്‍ താല്‍പ്പര്യമുള്ള രാജേഷും സുഹൃത്ത് രവി ശങ്കറും ദിലീഷ് പോത്തനരികില്‍ കഥ പറയാൻ ചെന്നതാണ് സിനിമ ജീവിതത്തില്‍ വഴിത്തിരിവായത്.
മഹേഷിന്‍റെ പ്രതികാരത്തില്‍ അങ്ങനെ ഒരു വേഷം നല്‍കിയതോടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ദിലീഷിന്‍റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അസിസ്റ്റണ്ട് ഡയറക്ടറായി ജോലി ചെയ്‌തു.
നിരവധി ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ് രാജേഷ് മാധവൻ. പെണ്ണും പൊറാട്ടും എന്ന സിനിമയിലൂടെ സംവിധായകൻ ആകാനുള്ള ഒരുക്കത്തിലുമാണ് രാജേഷ് മാധവൻ.
