
രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്ര കർണാടകയിലൂടെയാണ് സഞ്ചരിക്കുന്നത്. യാത്രയ്ക്കിടെ രസകരമായ ഒരു ചോദ്യം കഴിഞ്ഞ ദിവസം രാഹുലിനെ തേടിയെത്തി. ചർമ്മ സംരക്ഷണത്തിന് ഏത് സൺസ്‌ക്രീൻ ലോഷൻ ആണ് ഉപയോഗിക്കുന്നത് എന്നായിരുന്നു ചോദ്യം.
ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിലെ ഗ്രാമീണരുമായി സംവദിക്കുന്നതിനിടെയാണ് രാഹുലിനോട് രസകരമായ ചോദ്യം വന്നത്. ‘അമ്മ എനിക്ക് സൺസ്‌ക്രീൻ അയച്ചുതന്നിട്ടുണ്ട്, പക്ഷേ ഞാൻ അത് ഉപയോഗിക്കുന്നില്ല’ എന്നായിരുന്നു രാഹുലിൻ്റെ മറുപടി.

വെയിലേറ്റ് ചര്‍മത്തിലുണ്ടായ നിറവ്യത്യാസവും രാഹുല്‍ പ്രദേശവാസികള്‍ക്ക് മുന്നില്‍ കാണിച്ചു. സൂര്യപ്രകാശമുള്ള നിങ്ങളുടെ മുഖത്ത് സണ്‍സ്‌ക്രീനിൻ്റെ ആവശ്യമില്ലെന്നായിരുന്നു ഒരു യുവാവിൻ്റെ പ്രതികരണം. ഇതിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.കടുത്ത വെയിലും മഴയും വകവെക്കാതെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,570 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
