
ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (IOA) പ്രസിഡണ്ടായി ഒളിംപ്യൻ പി.ടി ഉഷയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി ഉഷ. സുപ്രീം കോടതി മുൻ ജഡ്ജ് എൽ നാഗേശ്വർ റാവുവിൻ്റെ മേൽനോട്ടത്തിൽ ശനിയാഴ്‌ച നടന്ന തെരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തെരഞ്ഞെടുത്തത്.
58 കാരിയായ ഉഷ, ഒളിംപിക്സ് താരവും രാജ്യാന്തര മെഡൽ ജേതാവുമാണ്. 95 വർഷത്തെ ചരിത്രമുള്ള ഐ.ഒ.എയിൽ പ്രസിഡണ്ട് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരവുമാണ്. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐ.ഒ.എ പ്രസിഡണ്ടുമാരായത്.

അത്‍ലറ്റിക്സിൽ നൂറിലേറെ രാജ്യാന്തര മെഡലുകൾ ഉഷ നേടിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലുമായി 19 സ്വർണമടക്കം 33 മെഡലുകൾ നേടി. തുടർച്ചയായ 4 ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റായി. 1985ലെ ജക്കാർത്ത ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഉഷ ഇന്ത്യയ്ക്കുവേണ്ടി നേടിയത് അഞ്ചു സ്വർണമടക്കം ആറ് മെഡലുകളായിരുന്നു. അത്‌ലറ്റിക്സിൽ ഇതൊരു റെക്കോർഡാണ്.
രണ്ട് ഒളിമ്പ്യന്മാരടക്കം എട്ട് രാജ്യാന്തര കായിക താരങ്ങളെ വളർത്തിയെടുക്കുകയും ചെയ്തു. ജൂലൈയില്‍ ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. അർജുന അവാർഡും പത്മശ്രീ പുരസ്കാരവും പതിറ്റാണ്ടുകൾക്കു മുമ്പേ ഉഷയെ തേടിയെത്തിയിരുന്നു.
സെക്കൻഡിൻ്റെ നൂറിലൊരംശത്തിൽ നഷ്ടമായ ഒളിംപിക്സ് മെഡലാണ് പി.ടി.ഉഷയെ കുറിച്ചോർക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യമെത്തുക. 1984ലെ ലൊസാഞ്ചലസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ നഷ്ടമായ വെങ്കലം ഇന്നും ഓരോ കായിക പ്രേമിയുടെയും നെഞ്ചിൽ നീറുന്നൊരു ഓർമയാണ്. ഉഷയുടെ തകർപ്പൻ പ്രകടനം അന്നു ലോകത്തിൻ്റെയാകെ ശ്രദ്ധയാകർഷിച്ചു. അന്ന് ഉഷ നടത്തിയ 55.42 സെക്കൻഡ് പ്രകടനം വനിതകളുടെ 400 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കോർഡായിരുന്നു. ആ റെക്കോർഡ് ഇളക്കമില്ലാതെ ഇന്നും ഉഷയോടൊപ്പമുണ്ട്.
പയ്യോളി എക്സ്പ്രസ്, ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡിലെ രാജ്ഞി അങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ട് പി.ടി ഉഷയ്ക്ക്. 1964 ജൂൺ 27ന് ഇ.വി.എം പൈതലിൻ്റെയും ടി.വി ലക്ഷ്മിയുടെയും മകളായി ജനിച്ച പിലാവുള്ളക്കണ്ടി തെക്കേപ്പറമ്പിൽ ഉഷ ഇന്ത്യൻ കായിക ചരിത്രത്തിലെ ഇതിഹാസ താരമായി ഉയർന്നു വരികയായിരുന്നു.
