
തിരുവനന്തപുരം: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന പ്രതിഷേധത്തിനിടെ നടന്ന സംഭവങ്ങളുടെ മറവില്‍ കേരളമാകെ അഴിഞ്ഞാടി പ്രതിപക്ഷം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ സി.പി.ഐ എമ്മിനെതിരെ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. പാര്‍ട്ടിയും സര്‍ക്കാരും സംഭവത്തെ അപലപിച്ചിട്ടും അക്രമത്തിനുള്ള മാര്‍ഗമായാണ് പ്രതിപക്ഷം സംഭവത്തെ കണ്ടത്.

മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ (എം) നേതാക്കളും സംഭവത്തെ അപലപിച്ച ശേഷമാണ് തലസ്ഥാന നഗരിയിലും മറ്റ് ജില്ലകളിലും പ്രതിപക്ഷ നേതാക്കള്‍ തെരുവിലിറങ്ങി മുറവിളി നടത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച മാര്‍ച്ച് പൊടുന്നനെ സി.പി എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെൻ്റെറിലേക്ക് മാറ്റി. പാളയത്ത് പൊലീസ് സമയബന്ധിതമായി ഇടപെട്ട് തടഞ്ഞതിനാല്‍ മാത്രമാണ് എ.കെ.ജി സെൻ്റെറിന് നേരെ അക്രമം നടത്താനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കം പാളിയത്. യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ എ.കെ.ജി സെൻ്റെറിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചെങ്കിലും വനിതാ പൊലീസ് ഇവരെ അറസ്റ്റുചെയ്ത് നീക്കി. സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിതോരണങ്ങളും പ്രചരണ ബോര്‍ഡുകളുമെല്ലാം തകര്‍ത്തു.

വിവിധ ജില്ലകളില്‍ സമരവുമായി തെരുവുകളില്‍ തേര്‍വാഴ്ച നടത്തിയ പ്രവര്‍ത്തകരെ അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തയ്യാറായില്ല. പകരം എരിതീയില്‍ എണ്ണയൊഴിച്ച് അക്രമം പടര്‍ത്തിവിടാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ ഭാഗത്ത് നിന്നുണ്ടായത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രതിഷേധം നടത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന പ്രസ്താവന പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അക്രമത്തിലേക്ക് തിരിയാന്‍ പ്രചോദനമായതായാണ് വിലയിരുത്തൽ.
