
വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
കാലിഫോര്‍ണിയ: ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പല്‍ യു.എസിലെ ഓക്ലൻഡ് തുറമുഖത്ത് തടഞ്ഞിട്ട് പ്രക്ഷോഭകര്‍. വെള്ളിയാഴ്‌ച രാവിലെയാണ് 200ഓളം പേര്‍ പ്രതിഷേധവുമായി എത്തിയത്. ഇസ്രായേലിന് സൈനിക സഹായം നല്‍കരുതെന്നും വെടി നിര്‍ത്തണമെന്നുമുള്ള ബാനറുകളും ഫലസ്തീൻ പതാകകളുമായാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് കേപ് ഒര്‍ലാൻഡോ എന്ന കപ്പലില്‍ കയറിയും മുമ്പില്‍ നിന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചും പുറപ്പെടുന്നത് തടയുകയായിരുന്നു.
സാൻഫ്രാൻസിസ്കൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് റിസോഴ്‌സ് ഓര്‍ഗനൈസേഷൻ സെൻ്റെറിൻ്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറിയത്.

ജൂത വിഭാഗക്കാരായ നിരവധി പേര്‍ ഇതില്‍ പങ്കാളികളായി. ഇറാഖ്, അഫ്ഗാനിസ്താൻ അധിനിവേശത്തില്‍ ഉപയോഗിച്ച കപ്പലാണ് കേപ് ഒര്‍ലാൻഡോ. 2014ലും 2021ലും ഇതേ രീതിയില്‍ ഓക്‍ലൻഡില്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു.
യു.എസ് സാമ്രാജ്യത്വം ലോകത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയെന്നും യു.എസും ഇസ്രായേലും ചേര്‍ന്ന് ഇപ്പോള്‍ വലിയ യുദ്ധക്കുറ്റങ്ങള്‍ ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. ഒമ്പത് മണിക്കൂറിന് ശേഷം കപ്പല്‍ പുറപ്പെട്ടെങ്കിലും അടുത്ത സ്റ്റോപ്പില്‍ കാണാമെന്ന് പ്രക്ഷോഭകര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. കപ്പലില്‍ തൂങ്ങിയ മൂന്ന് പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
