
കാസർകോട്: മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതി വിധി ദൗർഭാഗ്യകരമെന്ന് പ്രോസിക്യൂഷൻ. വിധിക്കെതിരെ മേല്‍കോടതിയില്‍ അപീല്‍ നല്‍കുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ. ടി.ഷാജിത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയാണ് വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടത്.
നീതി നിയമ സംവിധാനത്തിൽ വിശ്വാസം നഷ്‌ടപ്പെടുന്ന വിധിയാണിത്. ഒന്നാം പ്രതിക്കെതിരെ ഡി.എൻ.എ തെളിവുകളുണ്ട്. റിയാസ് മൗലവിയെ കുത്താനുപയോഗിച്ച കത്തിയിലെ ഫൈബർ കണികകള്‍ ഒന്നാം പ്രതി എടുത്തുകൊടുത്ത കത്തിയില്‍ നിന്ന് കിട്ടിയതാണ്. ഒന്നാം പ്രതിയുടെ മുണ്ടിലും കുപ്പായത്തിലും കണ്ട രക്തക്കറ റിയസ് മൗലവിയുടേത് ആയിരുന്നു. ടവർ ലൊകേഷൻ തെളിവും ഹാജരാക്കിയിരുന്നു. മൂന്ന് പ്രതികള്‍ക്കെതിരെയും നൂറോളം സാഹചര്യ തെളിവുകള്‍ കോടതിക്ക് നിരത്തി കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റിയാസ് മൗലവിയുടെ രക്തമാണ് ഒന്നാം പ്രതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഡി.എൻ.എ തെളിവുകള്‍ക്കെതിരെ ന്യായം നിരത്താൻ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ 124 ഓളം വിധി പകർപ്പുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തൻ്റെ 25 വർഷത്തെ ജീവിതത്തില്‍ ഇത്രയും കൂടുതല്‍ വലിയ തെളിവുകളുള്ള കേസിലെ പ്രതികളെ വെറുതെ വിടുക എന്നത് ഭയങ്കര കാര്യമാണ്. ഇതുണ്ടാക്കുന്ന ആഘാതവും ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശവും മോശമാണ്, -സ്പെഷ്യല്‍ പ്രോസിക്യൂട്ടർ പറഞ്ഞു.
എട്ടാമത്തെ ജഡ്‌ജ് ആണ് ഇപ്പോള്‍ വിധി പറഞ്ഞത്. ജഡ്‌ജുമാർ പലതവണ മാറിയത് അന്വേഷണ ഉദ്യോഗസ്ഥരുടെ ആതമവിശ്വാസം തകർക്കുന്ന കാര്യമാണ്. ഇത് പ്രതികളെ വെറുതെ വിടേണ്ട കേസല്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികളെ ശിക്ഷിക്കപ്പെടേണ്ട കേസാണെന്നും സ്പെഷ്യല്‍ പ്രോസിക്യൂടർ കൂട്ടിച്ചേർത്തു.
