മതപരിവർത്തന നിരോധന നിയമം കർണാടകയിൽ പ്രാബല്യത്തിൽ; ലംഘിച്ചാൽ 3-10 വർഷം വരെ തടവ് ശിക്ഷ, ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

  • Post category:education / news
  • Reading time:1 min read
You are currently viewing മതപരിവർത്തന നിരോധന നിയമം കർണാടകയിൽ പ്രാബല്യത്തിൽ; ലംഘിച്ചാൽ 3-10 വർഷം വരെ തടവ് ശിക്ഷ, ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ബംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽവന്നു. ചൊവ്വാഴ്ച മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിൽ ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് ഒപ്പിട്ടു. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭയോഗം ഓർഡിനൻസിന് അംഗീകാരം നൽകിയിരുന്നു. ഓർഡിനൻസ് ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ നിയമനിർമാണ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സർക്കാർ നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സർക്കാർ ഓർഡിനൻസുമായി മുന്നോട്ടുപോയത്.

പ്രതിപക്ഷത്തിൻ്റെ എതിർപ്പ് മറികടന്ന് കഴിഞ്ഞ ഡിസംബർ 23ന് മതപരിവർത്തന നിരോധന ബിൽ (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ-2021) കർണാടക നിയമസഭയിൽ പാസാക്കിയെങ്കിലും ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറവായതിനാൽ ബിൽ അവതരിപ്പിച്ചിരുന്നില്ല. തുടർന്ന് ജെ.ഡി-എസിൻ്റെ പിന്തുണയോടെ ഉപരിസഭയിൽ കോൺഗ്രസിൻ്റെ ചെയർമാനെ ബി.ജെ.പി പുറത്താക്കി മേൽക്കൈ നേടിയിരുന്നു. ബില്ലിലെ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് ഓർഡിനൻസ്.

അടുത്ത സമ്മേളനത്തിൽ നിയമ നിർമാണ കൗൺസിലിൽ ബിൽ പാസാക്കുന്നതുവരെ ഓർഡിൻസ് നിലവിലുണ്ടാകും. 75 അംഗങ്ങളുള്ള ഉപരിസഭയിൽ നിലവിൽ ഭൂരിപക്ഷമുള്ള ബി.ജെ.പി കേവല ഭൂരിപക്ഷത്തിന് ഒരുസീറ്റ് മാത്രം അകലെയാണ്. ഒഴിവുള്ള ഏഴ് സീറ്റുകളിലേക്ക് ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുസഭകളിലും ഭൂരിപക്ഷം ഉറപ്പാക്കിയാണ് ബി.ജെ.പി ഓർഡിനൻസുമായി രംഗത്തുവരുന്നത്.

ഒരു വ്യക്തിയെ ഒരു മതത്തിൽ നിന്ന് നേരിട്ടോ അല്ലാതെയോ നിർബന്ധിച്ച് മതം മാറ്റുകയോ അതിന് പ്രേരിപ്പിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യരുത് എന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. നിർദിഷ്ട നിയമമനുസരിച്ച്, മതം മാറുന്ന വ്യക്തിയുടെ കുടുംബാംഗങ്ങൾക്കോ, അവരുമായി ബന്ധമുള്ള ആളുകൾക്കോ, സഹപ്രവർത്തകർക്കോ പോലും മതപരിവർത്തനം സംബന്ധിച്ച പരാതികൾ ഫയൽ ചെയ്യാം.

നിയമം ലംഘിച്ച് മതം മാറ്റുന്നവർക്ക് 3-5 വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. എസ്.സി, എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ളവരെയും പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും മതം മാറ്റുന്നവർക്ക് 3-10 വർഷം തടവും 50,000 രൂപ പിഴയും നിർദേശിച്ചിട്ടുണ്ട്.

0Shares