
കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ഉണ്ടാക്കാൻ പഠിക്കുന്ന പ്രിയങ്കയുടെ വിഡിയോ വൈറലാകുന്നു. തിരക്കേറിയ തിരഞ്ഞെടുപ്പ് ഷെഡ്യൂളുകളുടെ ഇടവേളകളിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ദോശ ചുടൽ പഠനം.
സംസ്ഥാനത്തെ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലെ പ്രിയങ്കയുടെ ‘ദോശ’ പഠനം വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പാർട്ടി ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജേവാല എന്നിവരോടൊപ്പം, മൈസൂരിലെ ഏറ്റവും പഴക്കം ചെന്ന മൈലാരി ഹോട്ടലിൽ പ്രഭാതഭക്ഷണത്തിനായി എത്തിയിരുന്നു.

ഇവിടുന്ന് ഇഡ്ഡലിയും ദോശയും കഴിച്ച ശേഷം ഭക്ഷണം ഇഷ്ട്ടപ്പെട്ട പ്രിയങ്ക അവ തയ്യാറാക്കുന്നതിനെ കുറിച്ച് ചോദിച്ചറിയുകയായിരുന്നു. തുടർന്ന് കടയുടെ ഉടമസ്ഥനോടൊപ്പം ദോശ ഉണ്ടാക്കുന്ന വീഡിയോ ഇതിനകം സമൂഹമാധ്യമത്തിൽ വൈറലായി കഴിഞ്ഞു.
