
ബെംഗളൂരു: കർണാടകയിൽ ഐ.എ.എസ് വനിതാ ഉദ്യോഗസ്ഥയുടെ സ്വകാര്യ.ചിത്രങ്ങൾ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ പുറത്തുവിട്ട സംഭവത്തിൽ നടപടിയുമായി സർക്കാർ. ദേവസ്വം കമ്മീഷണറും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് ഐ.പി.എസ് ഓഫീസറും കർണാടക കരകൗശല വികസന കോർപറേഷൻ എം.ഡിയുമായ ഡി.രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മുന്നറിയിപ്പ് ലംഘിച്ച് വീണ്ടും ഫേസ്ബുക്ക് പോര് തുടർന്നതോടെ ഇരുവരെയും സ്ഥലം മാറ്റി. ഇവർക്കൊപ്പം ഡി.രൂപയുടെ ഭർത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മൗനീഷ് മുദ്ഗിലിനെയും സ്ഥലം മാറ്റി.

എന്നാൽ ഇവരെ സ്ഥലം മാറ്റിയത് എങ്ങോട്ടേക്കാണെന്ന് ഉത്തരവിൽ പറയുന്നില്ല. ലാൻഡ് സർവേ കമ്മീഷണറായിരുന്ന രൂപയുടെ ഭർത്താവ് മൗനിഷ് മൗദ്ഗലിനെയും മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മുന്നറിയിപ്പുമായി സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയോടും പൊലീസ് മേധാവിയോടും ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞിരുന്നു.
”അവർക്കെതിരെ നടപടിയെടുക്കും. അവർ രണ്ടുപേരും വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. സാധാരണക്കാർ പോലും തെരുവിൽ ഇങ്ങനെ സംസാരിക്കില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ, പക്ഷേ മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത് ശരിയല്ല”- മന്ത്രി പറഞ്ഞു.

രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് ഡി.രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പുരുഷ ഐ.എ.എസ് ഓഫീസർമാർക്ക് രോഹിണി അയച്ച ചിത്രങ്ങളാണെന്നാണ് രൂപയുടെ അവകാശവാദം. തൻ്റെ വാട്‌സ് ആപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു. എന്നാല്‍ രൂപയ്ക്ക് മാനസിക രോഗമാണെന്ന് രോഹിണി ആരോപിച്ചു. ‘‘മാനസിക രോഗം ഒരു വലിയ പ്രശ്‌നമാണ്, അത് മരുന്നും കൗൺസിലിങ്ങും വഴിയാണ് പരിഹരിക്കേണ്ടത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവരെ ഇത് ബാധിക്കുമ്പോൾ അത് കൂടുതൽ അപകടകരമാകും. രൂപ ഐ.പി.എസ് എനിക്കെതിരെ തെറ്റായ, വ്യക്തിപരമായ അധിക്ഷേപ പ്രചാരണങ്ങൾ നടത്തുകയാണ്. അത് അവരുടെ സംസ്കാരമാണ്.’’- രോഹിണി പറഞ്ഞു.
മൈസൂരു കെ.ആർ നഗറിൽ നിന്നുള്ള ദൾ എം.എൽ.എയും മുൻ മന്ത്രിയുമായ സര മഹേഷിൻ്റെ സര കൺവൻഷൻ ഹാൾ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ചതാണെന്ന് മൈസൂരു കലക്ടറായിരിക്കെ 2021ൽ രോഹിണി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ മഹേഷ് നൽകിയ ഒരു കോടി രൂപയുടെ അപകീർത്തി കേസ് നിലവിലുണ്ട്. കേസ് ഒതുക്കി തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്ന ആരോപണത്തിനിടെ ആണ് ചിത്രങ്ങൾ പുറത്തുവന്നത്. ഒരു റസ്റ്റോറണ്ടിൽ മഹേഷും രോഹിണിയും ഒരുമിച്ച് ഇരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് ഇരുവരും തമ്മിൽ ഒതുതീർപ്പു നടന്നെന്ന് ആരോപണം വന്നത്. Courtesy: News18 Malayalam
