
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന് (VGSS) മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും ചേർന്ന് റോഡ് ഷോ നടത്തും.
അഹമ്മദാബാദ് എയർപോർട്ട് മുതൽ സബർമതി ആശ്രമം വരെ നീളുന്ന റോഡ് ഷോ ജനുവരി ഒമ്പതിനാണ് നടക്കുക. ജനുവരി 10 മുതൽ 12 വരെ ഗാന്ധിനഗറിൽ ആണ് ഉച്ചകോടി.
ജനുവരി ഒമ്പതിനാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കാനായി യു.എ.ഇ പ്രസിഡണ്ട് എത്തുന്നത്.

അഹമ്മദാബാദ് എയർപോർട്ടിൽ എത്തുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും.
തുടർന്ന്, ഇരുവരും ചേർന്ന് സബർമതി ആശ്രമം വരെ റോഡ് ഷോ നടത്തുകയും സബർമതിയിൽ എത്തി മഹാത്മാഗാന്ധിക്ക് ആദരവ് അർപ്പിക്കുകയും ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
